Tuesday, June 2, 2009

നഷ്ടകച്ചവടം

10 ആം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞ് പ്രീ ഡിഗ്രി എന്നാ കീറാമുട്ടിയും അതിനിടയില്‍ ഗള്‍ഫ് ജോലി പ്രതീക്ഷിച്ചുള്ള ഡിപ്ലോമ കോഴ്സ്സുകള് ടെയിപ്പ് പഠനം മുതല്‍ ഡ്രാഫ്റ്റ്‌ മാന്‍ വരെയുള്ള പഠനം എല്ലാം കഴിഞ്ഞ് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ഒരു രണ്ടു വര്‍ഷം നാട്ടില്‍ തന്നെ തെക്ക് വടക്ക് സര്‍വീസ് നടത്തുന്ന കാലം.

രാവിലെ ആരുടേം ജനനം മുതല്‍ മരണം വരെയുള്ള സദ്യ ഒന്നും കിട്ടാനില്ലെങ്കില്‍ 12 മണി വരെ കിടന്നുറങ്ങുകയും ഉമ്മാടെ ചീത്ത വിളി തെറിവിളി ആയി പുറത്തു വരുന്നതിന്റെ തൊട്ടു മുന്‍പ് ചാടി എഴുന്നീട്ടു പല്ലു തേപ്പും കുളിയും വെറും 5 മിനിറ്റു കൊണ്ട് തീര്‍ത്ത് അടുക്കളയിലോ തീന്‍ മേശയിലോ ഉണ്ടാകാറുള്ള എന്തെങ്കിലും ഭക്ഷണം അകത്താക്കി പള്ളി സെന്ററിലേക്ക് വെച്ച് പിടിക്കും. അവിടെ എന്നെ പോലെ തന്നെ തെക്ക് വടക്ക് സര്‍വീസും സെന്ററിലെ ബസ്സ്‌ സ്റ്റോപ്പില്‍ വന്നു പോയിരുന്ന സ്കൂള്‍ കിടാങ്ങള്‍ മുതല്‍ മുതുക്കികള്‍ (നെയ്കിളവികള്‍) വരെയുള്ളവരുടെ കണക്കെടുപ്പും ഒരു സിസ്സര്‍ ഫില്‍റ്റര് സിഗരറ്റ് വേടിച്ചു പതിനഞ്ച് പേര് വലിക്കുകയും പതിവാക്കിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ അപ്പോഴേക്കും സ്ഥലം പിടിച്ചിട്ടുണ്ടാകും.

അവിടെ ഇരുന്നു വഴിയില്‍ പോകുന്ന പെണ്‍ ജാതിയിലാണ് എന്ന് തോന്നുന്ന എന്തിനേയും നോക്കി വെള്ളമിറക്കല്‍ കമന്റടിക്കല്‍ (ഞരമ്പുരോഗം) ഇത് കണ്ടു സഹിക്കവയ്യാതെ എതിര്‍ക്കാന്‍ വരുന്ന ആളുകളുമായി എന്നും ഉണ്ടാകാറുള്ള തെറിവിളി അടിപിടി. ഇതെല്ലാം കണ്ട് പ്രഷര്‍ കൂട്ടുന്ന കിളവന്മാരേ മുഴുവന്‍ അവരുടെ ഈ പ്രായത്തിലും അവര്‍ കേള്‍ക്കാത്ത തെറി വിളിച്ച് ചെവിക്കല്ല് പൊട്ടിക്കല്‍. ഒരു കുഴപ്പവും ഉണ്ടാക്കാതെ മിണ്ടാതെ ഇരിക്കുന്ന കിളവന്മാരേ വായില്‍ കയ്യിട്ട് പല്ല് എണ്ണി നോക്കി അവരുടെ പ്രഷര്‍ മാക്സിമം കൂട്ടി അവരില്‍ നിന്ന് കേള്‍ക്കുന്ന തെറിവിളി ഹൃദ്ദിസ്ഥമാക്കല്‍ എന്നിവയാണ് കാര്യ പരിപാടി.

അങ്ങിനെ സമയം പൊക്കി നടക്കുന്നതിനിടയിലെ ഒരു വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനക്ക് പോയി. എന്നെ പോലുള്ളവര്‍ ആകെ പ്രാര്ത്ഥിക്കാന്‍ എന്ന് പറഞ്ഞു പോകുന്നത് വെള്ളിയാഴ്ച്ചകളില്‍ മാത്രമാണ്. സത്യത്തില്‍ ശ്രീരാമ, കാര്‍ത്തിക, ചിലങ്ക, ജവഹര്‍ എന്നീ തിയറ്ററുകളില്‍ എന്തെല്ലാം സിനിമകള്‍ ആണ് കളിക്കുന്നത്. അതില്‍ ഏതാണ് കാണാന്‍ പോകുന്നത് അതിനുള്ള പൈസ ആരെ കൊണ്ട് വഹിപ്പിക്കാം എന്നീ കുലംങ്കുഷമായ ചര്ച്ചകളാണ് എന്നും നടക്കാറുള്ളത്. പതിവ് പോലെ അന്നും നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ എഴുന്നേറ്റു പള്ളിയില്‍ നിന്നിറങ്ങി. പള്ളിക്ക് പുറത്തു കമ്മിറ്റിക്കാരുടെ ഗംഭീര ചര്‍ച്ച. മിക്കപ്പോഴും കമ്മിറ്റി ചര്‍ച്ച കയ്യാങ്കളിയില്‍ അവസാനിക്കാറുള്ളതിനാല്‍ ഞങ്ങളും ചര്‍ച്ചയുടെ ഭാഗമായി നിലയുറപ്പിച്ചു.

പള്ളിക്കാട് വെട്ടി വെളുപ്പിക്കുനതിനെ കുറിച്ചാണ് ചര്‍ച്ച. ആസ്ഥാന പള്ളിക്കാട് വെട്ടു സംഘം ഒരു ഓരം മാറി നിന്ന് കുശുകുശുക്കുന്നുണ്ട്‌. അവര്‍ എന്തോ തീരുമാനിച്ചു ആജീവനാന്ത സിക്രട്ടറി കുഞ്ഞുമോന്ക്കാടെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പിന്നെ കേട്ടത് ഒരു പൊട്ടിത്തെറി ആയിരുന്നു. എങ്ങിനെ പോട്ടിതെറിക്കാതിരിക്കും കഴിഞ്ഞ കൊല്ലം വെറും 5000 ക. കൊടുത്തു വെളുപ്പിച്ച പള്ളിക്കാട് ഇപ്പൊ 10000 ക. കൊടുത്താല്‍ മാത്രം വെളുപ്പിക്കാം എന്നാ പറയുന്നത്. കുഞ്ഞുമോന്ക്കാടെ പൊട്ടിത്തെറി കേട്ട് ഒരു കൂസലുമില്ലാതെ ഞങ്ങള്‍ അല്ലാതെ വേറെ ആര് വരും ഈ പള്ളിക്കാട് വെളുപ്പിക്കാന്‍ എന്നാ അഹങ്കാരത്തില്‍ ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘം അവിടുന്ന് സ്കൂട്ടായി.

5000 കയില്‍ ഒരു നയാപൈസ കൂട്ടി തരില്ല എന്നാ വാശിയില്‍ കുഞ്ഞുമോന്ക്ക വീണ്ടും പൊട്ടിത്തെറിചു കൊണ്ടേ ഇരുന്നു. നല്ലൊരു കയ്യാങ്കളി പ്രതീക്ഷിച്ചു നിന്ന ഞങ്ങള്‍ ചമ്മിയ മുഖത്തോടെ മുന്നോട്ടു നടന്നു. നടത്തത്തിനിടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നൊരുവന്‍ ഞങ്ങള്‍ എല്ലാരും സ്നേഹത്തോടെ പോത്ത്‌ എന്ന് വിളിക്കുന്നവന്‍ ഒരു അഭിപ്രയാം പറഞ്ഞു ഞങ്ങളെ കണ്ണിനു നേരെ കണ്ടു കൊടാത്ത കിളവന്മാര്ക്ക് മുന്നില്‍ ആളാകാന്‍ പറ്റിയ ഒരു ഐഡിയ. നമുക്കെന്തു കൊണ്ട് പള്ളിക്കാട് വെട്ടിവെളുപ്പിക്കുന്ന ജോലി ഏറ്റെടുത്ത് കൂടാ. ആ ഒരു ജോലിയോടെ കിളവന്മാര്‍ എല്ലാരും നമ്മളെ കുറിച്ച് നല്ലത് പറയും അക്കൂട്ടത്തില് നമുക്ക് ഹറാംപിറപ്പിന്റെ ശക്തി കൂട്ടി ഇവിടെ വിലസാം. ആ അഭിപ്രായം 100 ഇല്‍ 101 വോട്ടിനു പാസ്സായി.

മുന്നോട്ടു നടന്ന ആതെ സ്പീഡില്‍ തിരിച്ചു നടന്നു സിക്രട്ടറിയോട് വിഷയം അവതരിപ്പിച്ചു. പത്തു പൈസ ചിലവില്ലാതെ പള്ളിക്കാട് വെളുക്കും എന്നാ ചിന്തയില്‍ സിക്രട്ടറിക്ക് പൂര്ണ്ണ സമ്മതം. അങ്ങിനെ ശനിയാഴ്ച്ച മുതല്‍ വെളുപ്പിക്കല്‍ തുടങ്ങാം എന്നാ തീരുമാനത്തില്‍ പിരിഞ്ഞു. ശനിയാഴ്ച്ച 9 മണിയോട് കൂടെ തന്നെ എല്ലാരും സ്വന്തം വീടുകളില്‍ നിന്ന് സംഘടിപ്പിച്ച വാക്കത്തി, അരിവാള്‍ മഴു, എന്നീ മാരകായുദങ്ങളുമായി പള്ളിക്കാട്ടില്‍ സന്നിഹിതരായി.

സിക്രട്ടറിയുടെ പള്ളിക്കാട് വെളുപ്പിക്കലിന്റെ ഉല്ഘാടനത്തോടെ 9 : 30 എന്ന ശുഭമുഹൂര്ത്തതില്‍ വെളുപ്പിക്കല്‍ തുടങ്ങി. ആരംഭശുരത്തം കൊണ്ട് എല്ലാവരും കൈ മേല്‍ മറന്നു ശക്തമായി തന്നെ വെളുപ്പിക്കല്‍ തുടര്‍ന്നു. ആദ്യ ദിവസത്തെ ഞങ്ങളുടെ ആത്മാര്‍ഥത കണ്ടു കരളലിഞ്ഞ സിക്രട്ടറി മുന്നും പിന്നും ആലോചിക്കാതെ പള്ളിക്കാട് വെട്ടി തീരുന്നത് വരെ ഉച്ചഭക്ഷണം പള്ളി സെന്ററിലെ ചായക്കടയില്‍ ഏര്പ്പാടാക്കി. ഈ സന്തോഷ വാര്‍ത്ത ഒരു കാട്ടുതീ പോലെ പള്ളിക്കാട് വെളുപ്പിക്കലില്‍ ശ്രദ്ദ കേന്ദ്രീകരിച്ചിരിക്കുന്ന ഞങ്ങളുടെ ജോലി കൂടുതല്‍ ശക്തമാക്കാന്‍ പ്രചോദനമായി.

ഉച്ച വരെ ശക്തമായി തന്നെ പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു. ഇടക്കുണ്ടാകുന്ന പുകവലി ബ്രേക്ക്‌ മാറ്റി നിറുത്തിയാല്‍ കാര്യമായി തന്നെ എല്ലാരും ജോലി എടുത്തു. ഉച്ചക്ക് എല്ലാരും കൂടി ചായ കടയിലേക്ക്. ഫ്രീ ആയി കിട്ടുന്നതിനാല്‍ എല്ലാരും ഭക്ഷണ കാര്യത്തില്‍ കാര്യമായി ആര്‍മാദിച്ചു. ആ ദിവസം തന്നെ കമ്മിറ്റിയുടെ പേരില്‍ 1000 ക. യുടെ ഒരു പറ്റു തുടങ്ങി. അതൊരു തുടക്കം മാത്രമായിരുന്നു. ഭക്ഷണ ശേഷം എല്ലാവരും വിശ്രമം തുടങ്ങി പിന്നെ കാര്യമായി ജോലി ഒന്നും നടന്നില്ല.

അടുത്ത ദിവസം എല്ലാരും പള്ളിക്കാട്ടില്‍ സന്നിഹിതരായി എങ്കിലും ഞാന്‍ അടക്കമുള്ള പലര്‍ക്കും ജോലി എടുക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല ജീവിതത്തില്‍ അന്ന് വരെ ചെയ്യാത്ത ജോലി ആയതിനാല്‍ കയ്യെല്ലാം പൊളം വന്നു വീര്‍ത്തു പൊട്ടുകയും എന്നെ പോലുള്ളവര്‍ക്ക് മടി എന്ന അസുഖവും എല്ലാമായി ജോലി വളരെ മെല്ലെയാണ് നീങ്ങിയത്. ഇങ്ങിനെ മെല്ലെപ്പോക്ക് നയത്തിലാണ് ജോലി നടന്നതെങ്കിലും ഉച്ചഭക്ഷണം കഴിഞ്ഞ ദിവസത്തെ പോലെ ആര്‍മാദിച്ചു കഴിച്ചു. ഇതിലിടക്ക് പള്ളിക്കാട്ടില്‍ ഉണ്ടായിരുന്ന ചേര് മരം വെട്ടിയാല്‍ ചൊറിച്ചില്‍ വരുമെന്ന് പേടിച്ചു ആ ഭാഗവും നയക്കോര്ണ്ണയുണ്ടായിരുന്ന ചില ഭാഗങ്ങളും ഒഴിവാക്കി പള്ളിക്കാട് വെളുപ്പിക്കല്‍ തുടര്‍ന്നു.

ദിവസം ചെല്ലുംതോറും ഉച്ചഭക്ഷണം തകൃതി ആയി നടന്നു എങ്കിലും പള്ളിക്കാട് വെളുപ്പിക്കലില്‍ മെല്ലെ പോക്ക് നയം തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇതിലിടക്ക് ചെരുമരം വെട്ടിയാല്‍ ചൊറിയാത്ത ഒരു ഇക്ക വന്നു ആ ഭാഗം വെളുപ്പിച്ചു പോയി. ദിവസങ്ങള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു 10 ദിവസം കഴിഞ്ഞിട്ടും ചായക്കടയിലെ പറ്റു 10000 ക. കവിഞ്ഞിട്ടും പള്ളിക്കാട് വെളുപ്പിക്കല്‍ പകുതിയോളം ഭാക്കി ആയി. ലാഭം നോക്കി ഞങ്ങളെ ഏല്‍പ്പിച്ച സിക്രട്ടറിയുടെ ഉറക്കം നഷ്ടപെട്ടു. ലാഭത്തിനു പകരം ഭീമമായ നഷ്ടകച്ചോടം ഉണ്ടായി എന്ന് മനസ്സിലാക്കിയ സിക്രട്ടറി ചായക്കടയിലെ കടം മുഴുവന്‍ തീര്‍ത്തു പറ്റുബുക്ക് കീറി കളഞ്ഞു.

പള്ളിക്കാട് വെളുപ്പിച്ചാല്‍ കിട്ടിയിരുന്ന ഉച്ചഭക്ഷണം ഇനി കിട്ടില്ലെന്ന തിരിച്ചറിവ് അത് വരെ സജീവ സാനിദ്യമയിരുന്നവരുടെ ശക്തി കുറച്ചു. ദിവസം ചെല്ലും തോറും പള്ളിക്കാട് വെളുപ്പിക്കാന്‍ സഹകരിച്ചിരുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. എണ്ണം കുറഞ്ഞു പിന്നെ ആരും ഇല്ലാണ്ടായി. പള്ളിക്കാട് അപ്പോഴും കാല്‍ ഭാഗത്തോളം ക്കാട് പിടിച്ചു തന്നെ കിടന്നു. മുഴുവന്‍ വെളുപ്പിക്കാത്ത പള്ളിക്കാട് സിക്രട്ടറിക്ക് വീണ്ടും ഒരു കീറാമുട്ടി ആയി. മനസ്സില്ലാമനസ്സോടെ സിക്രട്ടറി ആസ്ഥാന പള്ളിക്കാട് വെളുപ്പിക്കല്‍ സംഘത്തെ വിളിച്ചു വരുത്തി. വെറും കാല്‍ ഭാഗം മാത്രമുണ്ടായിരുന്ന പള്ളിക്കാട്‌ വെളുപ്പിക്കാന്‍ അവര്‍ 7500 ക. ചോദിച്ചു. വേറെ ഒരു വഴിയും ഇല്ലാതിരുന്നതിനാല്‍ സിക്രട്ടറി 7500 ക. ക്ക് സമ്മതിച്ചു.

അങ്ങിനെ വീണ്ടും പള്ളിക്കാട് വെട്ടല്‍ ആരംഭിച്ചു വെറും 2 ദിവസം കൊണ്ട് അവര്‍ മുഴുവന്‍ പള്ളിക്കാട് വെളുപ്പിച്ചു 7500 ക. വാങ്ങി സ്ഥലം കാലിയാക്കി. വെറും 10000 ക. ക്ക് വെട്ടി വൃത്തിയാക്കാമായിരുന്ന പള്ളിക്കാട് 17500 ക. ക്ക് അങ്ങിനെ വൃത്തിയായി. നല്ല പേര് ഉദ്ദേശിച്ചു പള്ളിക്കാട് വെളുപ്പിക്കാന്‍ ആയി ഇറങ്ങി തിരിച്ച ഞങ്ങള്‍ക്ക് അന്ന് മുതല്‍ പള്ളി കമ്മിറ്റിയെ ചതിച്ചവര്‍ എന്ന ഒരു ചീത്ത പേരും കൂടി കിട്ടി.

ശുഭം.

9 comments:

ramanika said...

ശരിക്കും രസിച്ചു

അരുണ്‍ കരിമുട്ടം said...

ഇതിന്‍റെ ലേബലിലെന്തിനാ നഷ്ടക്കച്ചവടം എന്ന് കൊടുത്തത്, നര്‍മ്മം മാത്രം മതി.കാരണം ഇതില്‍ നര്‍മ്മം ഉണ്ട്.ഒറ്റ ഇരുപ്പിനു ഞാന്‍ വായിച്ചു.ഇഷ്ടപ്പെടുകയും ചെയ്തു.
:)

ബിനോയ്//HariNav said...

ഹ ഹ നിങ്ങള്‍ പുലിക്കുട്ടന്‍‌മാര്‍ക്ക് കുറ്റിക്കാടിനോടുള്ള് ആഭിമുഖ്യം കൊണ്ടായിരിക്കും പള്ളിപ്പറമ്പ് പാതിവടിച്ച തല മാതിരിയാക്കി നിര്‍ത്തിയത്. കൊള്ളാം പുലിക്കഥ. തുടരട്ടെ :)

ഹന്‍ല്ലലത്ത് Hanllalath said...

ദുഷ്ടന്മാര്‍...!! :)

Unknown said...

ഹഹ്ഹ്ഹ്ഹ്
കൊള്ളാം രസികൻ എഴുത്ത്

jayanEvoor said...

രസകരമായിട്ടുണ്ട് വെളുപ്പിക്കല്‍!

ഇനിയും ഇത്തരം അയവിറക്കലുകള്‍ പൊരട്ടെ!

Sureshkumar Punjhayil said...

Ithu nashttamalla, labham thanne...!

Manoharam, Ashamsakal...!!!

Umesh Pilicode said...

മാഷെ നന്നായിട്ടുണ്ട്

റോസാപ്പൂക്കള്‍ said...

കൊള്ളാം പുള്ളീപ്പുലീ