Wednesday, February 25, 2009

പപ്പകോഴി

പള്ളിക്കട്ടയില്‍ പറമ്പിലെ പണികള്‍ എല്ലാം ചെയ്തിരുന്ന നാരയണന്‍ വിരമിച്ചതിന് ശേഷം പള്ളിക്കട്ടയിലെ തെങ്ങ് കൃഷിയുടെ താളം തെറ്റി. ഓല മേഞ്ഞ വിറകു പുരകള്‍ നിലം പൊത്താറായി. സ്വന്തം അതിരുകള്‍ നിയന്ത്രിച്ചിരുന്ന വേലിക്കെട്ടുകള്‍ എല്ലാം തന്നെ നിലം പൊത്തി. തെങ്ങിനിടാനുള്ള പശുവിന്‍റെ ചാണകവും മു‌ത്രവും തൊഴുത്തില്‍ കുമിഞ്ഞു കൂടി ദുര്‍ഗന്ധവും കൊതുകും പരത്തി. അങ്ങിനെ എല്ലാ നിലക്കും പള്ളിക്കട്ടയുടെ താളം തെറ്റി ഒരു നല്ല പണിക്കാരനെ കിട്ടാതെ ജനങ്ങള്‍ വലഞ്ഞു. ഇതിലിടക്ക് പല ആളുകളേയും പരീക്ഷിച്ചെങ്കിലും നാരായണന്‍റെ കുറവ് നികത്താനായില്ല. പള്ളിക്കട്ടയിലെ ജനങ്ങള്‍ ഒരു യോഗം വിളിച്ചു നാരായണന് പകരം ആര്? എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു ചിലര്‍ തമിഴന്മാരേ കൊണ്ട് വരാം എന്ന നിര്ദേശം വെച്ചു ഭൂരിഭാഗവും അതിനെ എതിര്ത്തനതിനാല്‍ ആ നിര്‍ദേശം തള്ളി പോയി. അവസാനം യോഗം പ്രസിഡ൯റ് ആയ കോയമാപ്പിള അടങ്ങുന്ന ഒരു അന്വേഷണ സംഘം ഒരു മാസത്തിനകം നല്ലൊരു പണിക്കാരനെ അന്വേഷിച്ചു കൊണ്ട് വരാമെന്നും അതല്ല നല്ല ഒരാളെ കിട്ടിയില്ലെങ്കില്‍ തമിഴ് നാട്ടില്‍ നിന്ന് പണിക്കാരനെ വിളിപ്പിക്കാം എന്നും പറഞ്ഞു യോഗം പിരിഞ്ഞു.

ആയിടക്കു പോസ്റ്റോഫീസ്ക്കട്ടയില്‍ താമസിക്കുന്ന ഡ്രൈവര്‍ കാദറിക്ക അടുത്തുള്ള ലക്ഷംവീട് കോളനിയില്‍ നിന്ന് പുതിയ ഒരു പണിക്കാരനെ കൊണ്ട് വന്നു എന്ന വാര്‍ത്ത കാട്ടുതീ പോലെ പള്ളിക്കട്ടയിലും എത്തി. കേട്ട പാതി കേള്‍ക്കാത്ത പാതി കോയമാപ്പിള ഡ്രൈവര്‍ കദറിക്കാടെ വീട് ലക്ഷൃമായി പാഞ്ഞു. പണിക്കാരനെ കണ്ടു ഭോദിച്ച കോയമാപ്പിള പള്ളിക്കട്ടയില്‍ നടപ്പുള്ള കൂലിയും അവിടെ ചെയ്യേണ്ടുന്ന പണികളുടെ ഒരു ലിസ്റ്റും പണിക്കാരാണ് സമര്പ്പിച്ചു. കാര്യമായ പണി ഒന്നുമില്ലാതിരുന്ന പണിക്കാരന്‍ ലിസ്റ്റില്‍ ഉള്ള എല്ലാ കാര്യങ്ങളും ചെയ്യാന്‍ താന്‍ നിപുണന്‍ ആണെന്നും ഇപ്പോഴുള്ള കൂലിയില്‍ 10 രൂപ കൂടുതല്‍ തന്നാല്‍ പള്ളിക്കട്ടയില്‍ ജോലി താന്‍ സ്വീകരിക്കാം എന്ന ആവശ്യം മാപ്പിളയുടെ മുന്നില്‍ വെച്ചു. നാളുകളായി ഒരു പണിക്കാര൯ വേണ്ടിയുള്ള അന്വേഷണം വഴിമുട്ടി നില്ക്കുന്നതിനാല്‍ എതിര്ത്തൊന്നും പറയാതെ പള്ളിക്കട്ടയിലേക്കുള്ള പണിക്കാരന് വേണ്ടിയുള്ള appointment letter കൊടുത്തു.

ഒരു പരീക്ഷണം എന്ന നിലക്ക് ആദ്യ ദിവസ്സം കോയമാപ്പിള തന്‍റെ തൊടിയില്‍ തന്നെ അല്ലറ ചില്ലറ പണികള്‍ ചെയ്യിച്ചു പുതിയ പണിക്കാരന്‍റെ പണികള്‍ ഇഷ്ടമായ കോയമാപ്പിള പിന്നീടുള്ള യോഗത്തില്‍ പുതിയ പണിക്കാരനെ നിയമിച്ച സന്തോഷവാര്‍ത്ത യോഗത്തിന് മുന്നില്‍ വെച്ചു. കമ്മിറ്റി ഭാരവാഹികള്‍ക്ക് പരിജയപ്പെടുത്തുന്നതിനായി യോഗത്തിലേക്ക് പണിക്കാരനെ വിളിച്ച് വരുത്തി. പണിക്കാരന്‍ യോഗ നടക്കുന്നിടത്തേക്ക്‌ വന്നു ഒരു ഓരം ചേര്‍ന്ന് നിന്നു. കള്ളിമുണ്ടും ഫുള്‍ കൈ ഷര്‍ട്ടും വേഷം കഷണ്ടിയായ തലയിലെ ശേഷിച്ചിരിക്കുന്ന മുടി എല്ലാം തോളറ്റം വരെ നീട്ടി വളര്‍ത്തിയിരിക്കുന്നു നീണ്ടു കിടക്കുന്ന മുടിയെ ഒതുക്കി വെക്കാന്‍ തലയില്‍ തോര്‍ത്ത് മുണ്ട് കൊണ്ട് ഒരു വട്ട കെട്ട് കയ്യില്‍ എരിയുന്ന മഞ്ഞകാജാ ബീഡി ആളെ മൊത്തത്തില്‍ കാണാന്‍ ഒരു മെനയില്ല പണിക്കാരനെ കണ്ടപാട് ഭാരവാഹികള്‍ ചോദ്യങ്ങളുടെ ഒരു കൂമ്പാരം അഴിച്ചിട്ടു.

ചോദ്യം 1 : എന്താ നിന്‍റെ പേര്?

ഉത്തരം : സുധാകരന്‍.

ചോദ്യം 2 : എവിടെയാണ് താമസ്സം?

ഉത്തരം : വടക്കുള്ള ലക്ഷംവീട് കോളനി.

ചോദ്യം 3 : വീട്ടില്‍ ആരൊക്കെ ഉണ്ട്?

ഉത്തരം : പെണ്ണും പിള്ളേരും.

ചോദ്യം 4 : എല്ലാ പണികളും അറിയാമോ?

ഉത്തരം : അറിയാം.

ചോദ്യം 5 : ജാതി?

ഉത്തരം : വേട്ടുവ൯ (കണക്കന്‍)

എല്ലാ ചോദ്യങ്ങള്‍ക്കുമോടുവില്‍ കാണാന്‍ ഒരു മോ൯ജില്ലങ്കിലും പള്ളിക്കട്ടയിലെ തെങ്ങുകളുടേയും വേലിക്കെട്ടുകളുടേയും അവസ്ഥ മാനിച്ചു എല്ലാവരും കൂടി മനസ്സില്ല മനസ്സോടെ സുധാകരന് മുന്നില്‍ സ്വന്തം പറമ്പിലെ പണിക്കുള്ള ഡെയിലി ഷെടൂള്‍ ചാര്‍ട്ട് ചെയ്യാനായി തിക്കും തിരക്കും കൂട്ടി.

കുറച്ചു നാളുകള്‍ കൊണ്ട് തന്നെ നല്ലൊരു പണിക്കാരന്‍ എന്ന നിലയില്‍ പേരെടുത്ത സുധാകരന്‍ പള്ളിക്കട്ടയുടെ പോന്നോമോന പുത്രനായി മാറി. പ്രത്യാകിച്ച് എന്‍റെ തറവാട്ടിലും കോയമാപ്പിളയുടെ വീട്ടിലും സുധാകരന്‍ ഒഴിച്ച് കൂടാന്‍ പാറ്റാത്ത ഒരു അ൯ഘമായി മാറി. പറമ്പിലെ പണികള്‍ക്ക് പുറമേ അക്കരെയുള്ള പറമ്പിന്‍റെ കാര്യസ്ഥ പണി, കോള്‍ പാടത്തെ ഞാര്‍ നടല്‍ മുതല്‍ കൊയ്ത്ത് വരെയുള്ള കാര്യങ്ങളിലേക്കുള്ള പണിക്കാരെ ഏര്‍പ്പാടാക്കല്‍, കൂലി വിതരണം, പശുവിനെ കറക്കല്‍, മരിപ്പിനും കല്യാണത്തിനും പന്തല്‍ ഇടല്‍, അതിന്‍റെ തന്നെ ഭക്ഷണ വിതരണം, വാട്ടര്‍ടാങ്ക് കഴുകല്‍, വൈക്കോല്‍തുറു ഇടല്‍, പള്ളിക്കട്ടയുടെ സ്വന്തം രാഷ്ട്രീയ പാര്‍ട്ടി (പച്ച പാര്‍ട്ടി) യുടെ കോടി തോരണങ്ങള്‍ കെട്ടല്‍, എന്ന് വേണ്ട പീടികയില്‍ പോക്ക്, പശുവിനെ കുളിപ്പിക്കല്‍ എല്ലാത്തിനും സുധാകരന്‍ എന്ന പേര് ഒരു അവസാന വാക്കായി മാറി.

ആയിടക്കു സുധാകരന്‍റെ ഹെയര്‍ സ്റ്റൈല്‍ കൊണ്ട് ആരോ പപ്പകോഴി എന്ന സ്ഥാനപ്പേരും നല്‍കി. കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ പൈസ കിട്ടുന്നതിനാല്‍ ദുശീലങ്ങളും അതിന്‍റെ കൂടെ വര്‍ദിച്ച് വന്നു ബീഡി വലിയില്‍ നിന്നു നാടന്‍ കള്ളിലേക്കും പിന്നെ അത് ചാരയത്തിലേക്കും വളരാന്‍ അദികം സമയം വേണ്ടി വന്നില്ല. സുധാകരന്‍ 1 കിലോ മീറ്റര്‍ അപ്പുറത്ത് നിന്നു വരുമ്പോഴും ചാരായത്തിന്‍റെ മണം കൊണ്ട് അത് സുധാകരനാണ് എന്ന് പറയാന്‍ പള്ളിക്കട്ടയിലെ കുഞ്ഞു കുട്ടികള്‍ക്കും വരെ മനസ്സിലാകാന്‍ തുടങ്ങി. ഇതൊക്കെ ആണേലും സ്വന്തം പണിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠ പാലിച്ചു പോന്നു.

ഇങ്ങിനെ എല്ലാം ആണെങ്കിലും സാമാന്യം ഭയപ്പെടുത്തുന്ന ഒരു രൂപം ഉണ്ടായിട്ടും പള്ളിക്കട്ടയിലെ എല്ലാ കുഞ്ഞു കുട്ടികള്‍ക്കും സുധാകരനെ ഇഷ്ടമായിരുന്നു. കുഞ്ഞു കുട്ടികള്‍ക്ക് മിട്ടായി ഐസ്റൂട്ട് എന്നിവ വേടിച്ചു കൊടുക്കല്‍ സുധാകരന്‍റെ ഹോബി ആയിരുന്നു. മദ്യ ലഹരിയില്‍ വീട്ടില്‍ ചെന്ന് ഭാര്യയും മക്കളുമായി വഴക്ക് ഒരു സാധരണ സംഭവമായി. പലപ്പോഴും വഴക്ക് കയ്യങ്കളിയിലേക്കെത്തി.

ഇതിലിടക്ക് മക്കള്‍ 4 പേരുണ്ടായി മൂത്തവന്‍ പഠനം നിര്‍ത്തി കല്ലൊര പഠിക്കാന്‍ പോയി.

വറുതിയുടെ കാലത്ത് പോലും മുണ്ട് മുറുക്കി ഉടുത്ത് ഭാര്യയേയൂം മക്കളേയും പോറ്റിയിരുന്ന സുധാകരന്‍ സ്വന്തം ഭാര്യയെ സാധാരണ ലക്ഷംവീട് കോളനി പെണ്ണുങ്ങളെ പോലെ അടുക്കള പണിക്കൊന്നും പറഞ്ഞയക്കുമായിരുന്നില്ല. പട്ടിണി ആണേലും അഭിമാനി ആയിരുന്നു സുധാകരന്‍. സ്വന്തം ജാതി വേട്ടുവന്‍ ആയിട്ടും ഞങ്ങളെല്ലാവരും കൂടി പപ്പകൊഴി എന്ന് വിളിക്കുമ്പോള്‍ "നീ പോടാ വെട്ടോനെ" എന്ന് വിളിച്ചു കളിയാക്കുമായിരുന്നു. അത് കൊണ്ട് തന്നെ സ്വന്തം ജാതിയില്‍ പെട്ട അളുകളെക്കാള്‍ കൂടുതല്‍ അവന്‍ പള്ളിക്കട്ടയിലെ ആളുകളെ വിശ്വസിച്ചു.

ഇതിലിടക്ക് ഭാര്യയുമായി തല്ലു കൂടി വാശിക്ക് ഒരു ദിവസ്സം എലി വിഷം എടുത്തു കുടിച്ചു മരണത്തിന്‍റെ വക്കില്‍ നിന്നു തിരിച്ച് വന്നു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം സുധാകരന്‍ ഒരു ഫീനിക്സ് പക്ഷിയെ പോലെ പള്ളിക്കട്ടയിലെക്ക് തിരിച്ചു വന്നു.

മകന്‍ കല്ലൊര പഠിത്തം കഴിഞ്ഞു സ്വന്തം അദ്വാനിക്കാന്‍ പോയി തുടങ്ങിയപ്പോഴാണ് വീട്ടിലെ വഴക്കുകള്‍ കൂടുതല്‍ ശക്തമായത്. അദ്വാനത്തില്‍ നിന്നു കിട്ടുന്ന പൈസ കൊണ്ട് തന്‍റെ കുടുംമ്പം കഴിയാമെന്ന ഭാര്യയുടെ ചിന്തയാണ് വീട്ടിലെ പ്രെശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദിനം പ്രതി അത് കൂടി കൂടി വന്നു. ഇങ്ങിനെ എല്ലാം ആണെങ്കിലും മക്കള്‍ക്ക് ‌ വേണ്ടി ജീവന്‍ കൊടുക്കാന്‍ വരെ തെയ്യാര്‍ ആയിരുന്ന ഒരു നല്ല അച്ഛനെ പള്ളിക്കട്ടയിലുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നു. പറമ്പിലെ പണിക്ക് വരുമ്പോള്‍ ചായ അല്ലാതെ വേറൊന്നും കഴിക്കാത്ത സുധാകരന്‍ കൂലി കൊടുത്താല്‍ പോലും വേണ്ടുന്നു പറയുന്ന സുധാകരന്‍ സ്വന്തം മക്കള്‍ക്ക് വേണ്ടി പള്ളിക്കട്ടയിലെ ഗള്‍ഫുകാരുടെ കയ്യില്‍ നിന്ന്‍ പെര്‍ഫ്യും കാസ്സെറ്റ് പ്ലെയര്‍ എന്നിവ ചോദിച്ചു വാങ്ങുമായിരുന്നു. പക്ഷെ മക്കള്‍ക്ക്‌ ഒരു കള്ളുകുടിയനും അമ്മയെ തല്ലുന്നവനും ആയ അച്ഛനോടുള്ള ദേഷ്യം കൂടി കൂടി വന്നു.

ഇതിലിടക്ക് രണ്ട് തവണ മണ്ണെണ്ണ എടുത്തു കുടിച്ചും പിന്നെ ഒരു തവണ തീ കൊളുത്തിയും ആത്മഹത്യാ ശ്രമങ്ങള്‍ നടത്തിയെങ്കിലും അത്ഭുധകരമാം വിധം സുധാകരന്‍ ജീവിതത്തിലേക്ക് തിരിച്ചു വരികയുണ്ടായി. എല്ലാം കൊണ്ടും തളര്‍ന്നിരുന്ന സുധാകരന്‍ പള്ളിക്കട്ടയിലെ മുഴുവന്‍ പണികളും മുറ തെറ്റാതെ ചെയ്തു പോന്നു. സുധകാരന്‍ എന്ന പണിക്കാരന്‍റെ പണി പലരും വന്നു തട്ടിയെടുക്കാന്‍ ശ്രമിചെങ്കിലും പള്ളിക്കട്ടക്കാര്ക്ക് സുധാകരനോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ട് ആര്‍ക്കും തന്നെ അവിടെ സ്ഥിരമായ സുധാകരന്‍റെ സ്ഥാനം പിടിച്ചെടുക്കാനയില്ല.

സുധാകരന്‍റെ മക്കള്‍ എല്ലാവരും വളര്‍ന്നു വലുതായി. ഒരിക്കല്‍ ഞാന്‍ പരോളില്‍ (ലീവ്) പോയ സമയത്ത് എന്നെ കാണാന്‍ വന്ന സുധാകരന്‍ 2 ആമത്തെ മകള്‍ക്ക് കല്യാണ ആലോജനകള്‍ വരുന്നുണ്ടെന്നും നല്ലത് ഒത്തു വന്നാല്‍ ഞാന്‍ ഉമ്മാട് പറയാമെന്നും അപ്പോള്‍ എന്തെങ്കിലും കാര്യമായി സഹായിക്കണമെന്നും എന്നോട് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ സഹായിക്കാമെന്നു പറഞ്ഞു പിന്നെ ജയിലില്‍ (ദുബായ്) നിന്ന് കൊണ്ട് വന്നിരുന്ന ഒരു വൈന്‍ കുപ്പിയും 3 പാക്കറ്റ് മാല്‍ബോറൊ സിഗരറ്റും കൊടുത്തു. അത് സന്തോഷപൂര്‍വ്വം സ്വീകരിച്ച് സുധാകരന്‍ പോയി.

പരോള്‍ കഴിഞ്ഞു തിരച്ചു വന്ന 3 മാസങ്ങള്‍ക്ക് ശേഷം നാട്ടില്‍ ഉമ്മനെ വിളിച്ചപ്പോള്‍ സുധാകരന്‍ വന്നിരുന്നു എന്നും അവന്‍റെ മകളുടെ കല്യാണം ഉറച്ച വിവരം എന്നെ അറിയിക്കണമെന്ന് പറഞ്ഞിരുന്ന വിവരവും പറഞ്ഞു. ഞാന്‍ അടുത്ത തവണ നാട്ടിലേക്ക് പൈസ അയക്കുമ്പോള്‍ അവനുള്ളതും കൂടി അയക്കാം എന്നും ആ വിവരം സുധാകരനെ കാണുമ്പോള്‍ പറയണമെന്നും പറഞ്ഞാണ് ഞാന്‍ അന്ന് ഫോണ്‍ കട്ട് ചെയ്തത്.

പിന്നെ ഒരാഴ്ച കഴിഞ്ഞ് നാട്ടില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത എന്നെ തേടിയെത്തി സുധാകരന്‍ തൂങ്ങി മരിച്ചു. ഇത്തവണ സുധാകരന്‍റെ ആത്മഹത്യ ശ്രമം സഫലമായി. ഇനി ഒരിക്കലും തിരിച്ച് വരാതിരിക്കാന്‍ ആയി പള്ളിക്കട്ടയുടെ എല്ലാമെല്ലാമായ ഞങ്ങളുടെ സ്വന്തം പപ്പകോഴി സുധാകരന്‍ കോയമാപ്പിളയുടെ പശുവിനെ കെട്ടുന്ന കയറിന്‍റെ തുമ്പത്ത് ചായപീടിക മോയിദീ൯ക്കടെ കിഴക്കേ എതക്കലുള്ള മാവിന്‍റെ കൊമ്പത്ത് ജീവനൊടുക്കി.

മകളുടെ കല്യാണ ആകോഷങ്ങള്‍ക്ക് മോടികൂട്ടാനുള്ള സുധാകരന്‍റെ ആഗ്രഹം മകനും ഭാര്യയും കൂടി തടയിട്ടപ്പോള്‍ അഭിമാനി ആയ സുധാകരന്‍ അവരുമായി വഴക്കിടുകയും ഭാര്യയെ തല്ലുകയും സ്വന്തം അമ്മയെ തല്ലുന്നത് ജനിച്ച അന്ന് മുതല്‍ കണ്ട് മടുത്ത മകന്‍ സഹികെട്ട് സുധാകരനെ പിടിച്ചു മാറ്റി അച്ഛന്‍റെ നേരെ കൈ പൊക്കി. സ്വന്തം മകന്‍ തന്‍റെ നേര്‍ക്ക് ‌ കൈ പോക്കിയതില്‍ മനം നൊന്ത് വീട്ടില്‍ നിന്നിറങ്ങിയ സുധാകരന്‍ ചാരായ ഷാപ്പില്‍ കയറി ഒരു 150 അടിച്ചതിനു ശേഷം കോയമാപ്പിളയുടെ വീട്ടിലെ പശുവിനെ പുതിയ കയറെടുത്ത് തൊഴുത്തില്‍ കെട്ടി. പിന്നീട് പഴയ കയറുമായി മോയിദീന്ക്കാടെ എതക്കല്‍ വന്നു മാവില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.

പള്ളിക്കട്ടയുടെ എല്ലാമായ പപ്പകൊഴി സുധാകരന് പകരം വെക്കാന്‍ സുധാകാരന്‍ അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള ഉറപ്പുള്ള പള്ളിക്കട്ടക്കാര്‍. എല്ലാ ആത്മഹത്യാ ശ്രമങ്ങളില്‍ നിന്നും തിരിച്ചു വന്നിരുന്ന സുധാകരന്‍ ഇനിയും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ ഇന്നും കാത്തിരിക്കുന്നു.

പിന്‍കുറിപ്പ്

സുധാകരന്‍റെ മകളുടെ കല്യാണം അവന്‍റെ ആഗ്രഹം പോലെ തന്നെ അര്‍ഭാടപൂര്വ്വം പള്ളിക്കട്ടക്കാരുടെ അകമഴിഞ്ഞ സഹായത്തോടെ ഗംഭീരമായി സുധാകാരന്‍ മരിച്ച് 6 മാസങ്ങള്ക്ക് ശേഷം നടന്നു.

2 comments:

ശ്രീ said...

സുധാകരനെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന് ഓര്‍മ്മകള്‍ നന്നായി.

എന്തൊക്കെയായാലും മകളുടെ വിവാഹം നന്നായി നടന്നല്ലോ...

കുട്ടിച്ചാത്തന്‍ said...

excellent narration.......
u got a gr8 future.....


enikku asooya undu...