Wednesday, February 11, 2009

ബാര്‍ബര്‍ ബബ്ബാര്‍

ഈ പേരു കേള്‍ക്കുമ്പോഴേക്കും നാട്ടികക്കാര്‍ എല്ലാവരും ചിരിക്കും. കുട്ടികളോടെ നിന്‍റെ മുടി ബബ്ബാറിക്കയെ കൊണ്ട് വെട്ടിക്കും എന്ന് പറഞ്ഞാല്‍ കരയും അട്ടാദിക്കും. ബബ്ബാറിക്കയുടെ കട്ടിങ്ങും ഷേവിങ്ങും അത്രക്ക് പേരുകെട്ടതാണ്. കട്ടിങ്ങ് നടത്തിയാല്‍ എലി കരണ്ട പോലുണ്ടാകും ഷേവിങ്ങ് നടത്തിയാല്‍ മുഖത്ത് നിന്നു ചോര പൊടിയാത്ത ഒരു സ്ഥലം പോലും ബാക്കി ഉണ്ടാകില്ല. ഇതൊക്കെയാണെന്കിലും നാട്ടികയുടെ പൊന്നോമന പുത്രനായ്‌ ബബ്ബാറിക്ക എന്നും ഒരു ബാഗുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങും പോകുന്ന വഴിയിലുള്ള എല്ലാ വീടുകളിലും മുടിവേട്ടാനുണ്ടോ എന്ന് ചോദിക്കും. പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന വീടാണെങ്കിലും മൂപ്പര് ഈ ചോദ്യം ആവര്‍ത്തിക്കും. മിക്കവീടുകളില്‍ നിന്നു ഇല്ലെന്നുള്ള മറുപടിയാകും എന്നിട്ടും ദിവസവും റാന്‍ഡം ആയി ഏരിയ സെലക്റ്റ് ചെയ്ത്‌ മൂപ്പര് ഈ പണി തുടര്‍ന്ന് കൊണ്ടേ ഇരിക്കും ചില പഴയ കാര്‍ണോന്മാര്‍ വിളിച്ചു അവരുടെ നിരച്ച താടിയും മുടിയും വെട്ടിക്കും എന്തോക്കെയാണേലും മൂപ്പര് ഹാപ്പി ആണ്.

ഒരുപാടു പ്രെത്യാകതയുള്ള വ്യക്തിയാണ് മൂപ്പര്. വിദ്യാഭ്യാസം തൊട്ടു തീണ്ടിയില്ല. നല്ല കാശുകാരായ ഒരു ബാര്‍ബര്‍ കുടുമ്പത്തില്‍ ജനനം എണ്ണിയാല്‍ തീരാത്ത മക്കളുള്ള ബാപ്പബാര്‍ബറുടെ എത്രാമാത്തെയോ മോന്‍. കഷ്ടിച്ച് 5 അടി ഹൈറ്റ് കള്ളിമുണ്ടും ഫുള്‍ കൈയ്യ് ഷര്‍ട്ടും വേഷം. ഷര്‍ട്ട്‌ എപ്പോഴും കൈ മുട്ടിനു മുകളില്‍ വരെ മടക്കി വെച്ചിട്ടുണ്ടാകും നടക്കുമ്പോള്‍ വാര്‍ ചെരുപ്പിന്‍റെ ടക് ടക് ശബ്ദം എല്ലാവരെയും കേള്‍പ്പിച്ചു കയ്യില്‍ ഒരു ബാഗുമായി ഒരു മൊബൈല്‍ ബാര്‍ബര്‍ ആയി നാട്ടികയില്‍ വിലസുന്ന ഞങ്ങളുടെ സ്വന്തം ബബ്ബാറിക്ക.

ചെറുപ്പത്തിലെ പഠിക്കാന്‍ താല്പര്യമില്ലാത്തദിനാല്‍ ബാബ്ബാറിക്ക നല്ല സ്വഭാവം പഠിപ്പിക്കാന്‍ എന്‍റെ പിതൃപുലിയുടെ ഇക്ക മൂത്താപ്പപുലിയുടെ അടുത്ത് കൊണ്ടുവന്നു (മൂത്താപ്പ പുലിക്കു പണ്ടു കുറച്ച് പൊതു സേവനത്തിന്‍റെ അസുഖമുണ്ടായിരുന്നു) അവിടെ ചെന്ന് 4 ദിവസത്തിനുള്ളില്‍ നമ്മടെ മൂത്താപ്പപുലി ആളെ നിലംതൊടാതെ ഓടിച്ചു വിട്ടു. പിന്നെ കുടംബ ബിസിനസ്സിലേക്ക് ഇറങ്ങി അത്യാവശ്യം പണി പഠിച്ചു. കുറച്ചു കാലം നാട്ടില്‍ പണിയെടുത്തു പിന്നെ കത്തറിലേക്ക് പോയി അവിടെ മൂപ്പരുടെ ഇക്കാടെ കടയില്‍ ജോലിയെടുത്തു. കിട്ടുന്നതു കൊണ്ടു ജീവിച്ചു. വായ തുറന്നാല്‍ പൊട്ടത്തരവും വിടുവായത്തവും ആയതിനാല്‍ സ്വന്തം വീട്ടുകാര്‍ അടക്കം നാട്ടില്‍ എല്ലാവരും മൂപ്പരെ ഒരു പൊട്ടന്‍ ആയി കണ്ടു.

3 വര്‍ഷം കഴിഞ്ഞപ്പോള്‍ മൂപ്പര്‍ക്ക് ഒരു 3 മാസത്തെ പരോള്‍ (ലീവ്) കിട്ടി. സാദാരണ എല്ലാ ഗള്‍ഫുകാരെയും പോലെ അത് വരെ ഉണ്ടാക്കിയ എല്ലാ സമ്പാദ്യവും കൊണ്ടു മൂപ്പര് ഒരു വലിയ പെട്ടിയും അതിലേക്കു നിഡോ, ലിപ്ടന്‍ ടീ ബാഗ്, നമ്മുടെ പച്ചയും നീലയും കളറില്‍ വരുന്ന കിളിമാര്‍ക്ക് ചെരുപ്പുകള്‍, നഖം വെട്ടി, വില്‍കിന്‍സണ്‍ ബ്ലേഡ്, ഓള്‍ഡ് സ്പേസ് ഷേവിംഗ് ക്രീം, അതിന്റെ തന്നെ ലോഷന്‍, നീവിയ ക്രീം, ബ്രൂട്ട് സ്പ്രേ, സിപ്പോടുകൂഡിയ പോകറ്റുള്ള പുലി തോലിന്‍റെ ഡിസൈനുള്ള അടിവസ്ത്രം എന്നീ സാദാരണ ഐറ്റംസ് പെട്ടിയില്‍ കുത്തി നിറച്ചു കയ്യില്‍ ഒരു ഗോള്‍ഡ് ചെയ്യിന്‍ വാച്ച് ആര്‍ബാടത്തിനായി ഒരു നാഷണല്‍ സ്റ്റീരിയൊ കയ്യിലും ആയി നാട്ടിലേക്ക് പ്ലെയിന്‍ കയറി.

അവിടെ ചെന്നിറങ്ങിയാല്‍ കസ്ടംസ്കാര്‍ക്ക് കൊടുക്കാനുള്ള 100 ഇന്‍റെ ഒരു 10 ഇന്ത്യന്‍ റുപ്പീസ് പോക്കറ്റില്‍ തിരുകി ഇമ്മടെ തിരുവനന്തപുരത്ത് ഇറങ്ങി. കൊണ്ടു വന്ന പെട്ടി തപ്പിയെടുത്തു പുറത്തേക്ക് നടക്കുന്നതിനിടയില്‍ കണ്ണില്‍ ബാഡ്ജ് വെച്ചു കണ്ട എല്ലാര്‍ക്കും ക്ലീനിങ് സ്റ്റാഫ് വരെയുള്ളവര്‍ക്ക് മൂപ്പര് 100 മടക്കി കയ്യില്‍ കൊടുത്തു. അവസാനം ഒര്‍ജിനല്‍ കാസ്റ്റംസുകാരുടെ അടുത്തെത്തിയപ്പോള്‍ അവരുടെ കയ്യിലേക്ക് മടക്കാന്‍ 100 ഇന്‍റെ ഇന്ത്യന്‍ കടലാസ് ഇല്ലാത്തധിനാല്‍ പൈസ ഇല്ലാ എന്ന് പറഞ്ഞിട്ടും അവര് പുറത്തേക്ക് പോകാന്‍ സമ്മതിക്കാത്തധിനാല്‍ അവസാനം 18 ആമത്തെ അടവായ അടിവസ്ത്രത്തിന്‍റെ പോക്കറ്റില്‍ ചുരുട്ടി വെച്ചിരുന്ന കത്തറി റിയാലുകളില്‍ നിന്നൊരു 100 ഇന്‍റെ റിയാല്‍ എടുത്തു കൊടുത്തു രെക്ഷപ്പെട്ടു. പുറത്തേക്കിറങ്ങിയ മൂപ്പരെ കാത്തു മൂപ്പരുടെ വീട്ടിലുണ്ടായിരുന്ന ആടും കോഴിയും താറാവും വരെ ആനയിക്കാന്‍ എയര്‍പോര്‍ട്ടില്‍ കാത്തു നിപ്പുണ്ടായതിനാല്‍ ആനയിക്കാന്‍ കൊണ്ടു വന്ന അമ്പാസിഡര്‍ കാറിലേക്ക് നടക്കാതെ എത്തിപ്പെടാന്‍ സാദിച്ചു. പിന്നെ കണ്ണും മൂക്കും ഇല്ലാതെ കാര്‍ തൃശൂര്‍ ലക്ഷൃമായി പാഞ്ഞു.

എണ്ണിയാല്‍ തീരാത്തത്ര പെങ്ങന്മാരും അനിയന്മാരും പൊരാത്തദിന് ചേട്ടന്മാരുടെ ഭാര്യമാരും ഉള്ളത് കൊണ്ട് ബബ്ബറിക്കാക്ക് കൊണ്ടു വന്ന പെട്ടിയില്‍ നിന്ന് ഒരു മൊട്ടു സൂജി പോലും കിട്ടിയില്ല. സത്യം പറഞ്ഞാല്‍ മാറിയെടുക്കാന്‍ കള്ളിമുണ്ട് പോലും അയല്‍പക്കത്ത്‌ നിന്ന് കടം വാങ്ങി എന്നാ പറഞ്ഞ് കേട്ടത്.

ആ കൊല്ലം ബാര്‍ബര്‍ തള്ളക്ക് അരി ഇടിക്കാന്‍ നല്ലൊരു ഉലക്കയില്ല എന്ന പരാതിയെ തുടര്‍ന്ന് നാട്ടിക സെന്‍റെറില്‍ നിന്നു ഉലക്ക വെടിക്കുകയും കവലയില്‍ ഉലക്കയുമായി വീടിന്‍റെ അടുത്തേക്കുള്ള ബസ്സ് കാത്തു നിക്കുമ്പോള്‍ രസികനായ ഡ്രൈവര്‍ സുധാകരന്‍ എന്നറിയപ്പെടുന്ന നാട്ടികക്കാരെന്‍ കാറുമായി വന്നു മൂപ്പര്‍ക്ക് ഒരു ലിഫ്റ്റ് ഓഫര്‍ ചെയ്തു. കാറില്‍ കയറി വീടിനു മുന്നില്‍ ഇറങ്ങി ആളാകാനുള്ള അത്യാഗ്രഹം കൊണ്ടും എല്ലാ മലയാളികളെയും പോലെ ഓസ്സിനു കിട്ടിയാല്‍ ointment ഉം തിന്നുന്ന പ്രകൃതം ആയതിനാലും കേട്ട പാതി കേള്‍ക്കാത്ത പാതി ഉലക്ക അവിടെ ഉള്ള കടയില്‍ നോക്കാന്‍ ഏല്‍പ്പിച്ച് ബബ്ബാറിക്ക കാറില്‍ കയറി വീട്ടിലേക്ക് പൊന്നു. വീട്ടിനു മുന്നിലിറങ്ങി ആളായതിന് ശേഷം പിന്നെ ഉമ്മാക്കുള്ള ഉലക്ക എടുക്കാന്‍ നാട്ടിക സെന്‍റെറിലേക്ക് നടന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി 3 കിലോ മീറ്റര്‍ ആണ് നടന്നത് ഇന്നുവരെയുള്ള നാട്ടികയുടെ ചരിത്രത്തില്‍ എഴുതപ്പെടാത്ത ചരിത്രം ആണ് അന്ന് ബബ്ബാറിക്ക എഴുതി ചേര്‍ത്തത്.

എന്തായാലും മൂപ്പരുടെ വീട്ടിലുണ്ടായിരുന്ന സ്ത്രീ ജനങ്ങള്‍ക്ക് മുഴുവനും മൂപ്പര്‍ക്ക് ഒരു കല്യാണം കഴിച്ച് കൊടുക്കാനുള്ള അദിയായ ആഗ്രഹം മുളക്കുകയും മനസ്സ് കൊണ്ട് ബബ്ബാറിക്കാക്കും ഒരു കല്യാണവും അതില്‍ കിട്ടാനുള്ള വാമ ഭാഗത്തെ കുറിച്ചുള്ള സ്വപ്നങളും കാരണം മൂപ്പര് മൌനം സമ്മതമായി എടുത്തോട്ടേ എന്ന് കരുതി മിണ്ടാതിരുന്നു. എന്ത് തന്നെ ആയാലും നാട്ടില്‍ എത്തിയതിന്‍റെ 1 ആം മാസ്സം തന്നെ കൊച്ചിയില്‍ നിന്ന് ഒരു അച്ചിയെ കെട്ടി.

കൊച്ചി കണ്ടവന് അച്ചി വേണ്ടാ എണ്ണ ചൊല്ല് അന്വര്‍ഥമാക്കി കൊണ്ടു കൊച്ചിയും കണ്ടു കൊച്ചിയില്‍ നിന്ന് തന്നെ ഒരു അച്ചിയേയും സംഘടിപ്പിച്ച് സന്തോഷപൂര്‍വ്വം മധുവിധു ആകൊഷിച്ചു പരോള്‍ കാലാവധി അവസാനിച്ചതോടെ സങ്കടത്തോടെ യാത്ര ആയി.

ആ മധുവിധു ആകോഷത്തില്‍ ഒരു കുട്ടിബാര്‍ബറെ അണ്ടര്‍ പ്രോടക്ഷനില്‍ വാമ ഭാഗത്തിന് കൊടുത്തതിനു ശേഷമാണ് ബബ്ബാര്‍ കത്തറിലേക്ക് പോയത്. എന്തായാലും 10 മാസം ആകുമ്പോഴേക്കും ഒരു ആണ്‍ബബ്ബാറിന്‍റെ അട്ടാധം തുടങ്ങി. വര്‍ഷങ്ങള്‍ കടന്നു പോയി ഇതിലിടക്ക് മറ്റൊരു പരോള്‍ കിട്ടി ബബ്ബാര്‍ കുട്ടിബബ്ബാറിനെ കാണാന്‍ നാട്ടില്‍ എത്തുകയും ആ വരവില്‍ ഒരു പെണ്‍ബബ്ബാറിനുള്ള ശ്രമം നടത്തുകയും അത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

തിരിച്ച് കത്തറില്‍ പോയ ബബ്ബാറിക്കാടെ നല്ല ജീവിതത്തിന്‍റെ അവസാനം അവിടെ തുടങ്ങുക ആയിരുന്നു. ആഴ്ചയില്‍ 2 കത്ത് വീതം വാമ ഭാഗത്തിന് എഴുതിയിരുന്ന ബബ്ബാറിക്കയുടെ കത്തുകളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നീടത്‌ തീരെയില്ലാതായി. പിന്നീട് ഒരു തവണ പരോളില്‍ നാട്ടില്‍ വന്നപ്പോഴും ബബ്ബാറിക്കയും വാമഭാഗവും ആയി എന്നും വഴക്കും വക്കാണവും മാത്രമായിരുന്നു. എന്തായാലും വഴക്കിനുള്ള ആദ്യ തീ കൊളുത്തിയത് വാമഭാഗം തന്നെ ആണ്. ബബ്ബാറിക്ക സ്വന്തം ആയി അദ്വാനിച്ച് ആഹിച്ച് മോഹിച്ച് വേടിച്ച് കൊണ്ട് വന്ന ചൈനീസ്സ് സില്‍ക്കിന്‍റെ സാരിയുടെ കളര്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് തല്ലിന്‍റെ തുടക്കം.

എന്തായാലും ആ പരോള്‍ വെറും വഴക്കും വക്കാണവുമായി അവസാനിച്ചതിനാല്‍ 3 മാസത്തിനു കാത്തു നിക്കാതെ ബബ്ബാര്‍ കത്തറിലേക്ക് യാത്ര ആയി.

പിന്നീടുള്ള കുറച്ചു മാസങ്ങള്‍ കാര്യമായ മാറ്റമില്ലാതെ കടന്നു പോയി. ഒരു പ്രഭാതം നാട്ടിക ഒരു വലിയ ന്യൂസ് കേട്ടാണ് ഉണര്‍ന്നത്. ബബ്ബാറിക്കാടെ വാമാബാഗത്തെ കാണാനില്ല ഉച്ചയോടു കൂടി അവരുടെ വീട്ടിലെ കാര്യസ്ഥനെയും കാണുന്നില്ല എന്ന വാര്‍ത്തയും വന്നു. എന്തായാലും ആളുകളുടെ സംശയങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കാര്യസ്ഥനും വാമബാഗവും പ്രണയത്തില്‍ ആയിരുന്നു എന്നും അവര്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ആണ് ഒളിച്ചോടിയത് എന്ന കണ്‍ക്ലുശനിലെക്ക് നാട്ടുകാര്‍ എത്തിപ്പെട്ടു.

എന്തായാലും കൊച്ചിക്കാരി തറവാടി ആയിരുന്നു ഒളിച്ചോടി പോകുമ്പൊള്‍ ബബ്ബാറിക്ക വേടിച്ചു കൊടുത്ത എല്ലാ സാദനങ്ങളും പിന്നെ ഫ്രീ ആയി കിട്ടിയ 2 കുട്ടികളെ വരെ കൂട്ടിനു കൊണ്ട്‌ പോയി.

പിന്നീട് ഉണ്ടായ കുറച്ചു നാളുകള്‍ കൂടി ബബ്ബാറിക്കാടെ ഗ്രഹ നിലയി‌ലെ ശനി ഉച്ചസ്ഥായിയില്‍ ആയതിനാല്‍ കഷ്ടപ്പാടുകളുടെ കാലമായിരുന്നു. കത്തറില്‍ താടി സെറ്റ് ചെയ്യാന്‍ വന്ന ഒരു അറബിയുടെ താടിക്ക് പകരം കവിളിലെ തോല്‍ വടിച്ചെടുത്ത ബബ്ബാറിനെ അവിടുണ്ടായിരുന്ന കത്തറികള്‍ നാടു കടത്തി. തിരിച്ചു നാട്ടിലെത്തിയ ബബ്ബാറിക്ക കയ്യില്‍ ശേഷിക്കുന്ന പൈസ കഴിയുന്നത്‌ വരെ ഗല്‍ഫുകാരനായും പൈസ കഴിഞ്ഞപ്പോള്‍ വീട്ടീന്ന് പുറത്തു ഇറങ്ങാത്ത നാട്ടുകാരന്‍ ആയും കഴിച്ചു കൂട്ടി.

ആ ഇടയ്ക്ക് ബബ്ബാറിക്കാക്ക് 2 ആമാതൊരു കല്യാണം കഴിച്ചാല്‍ കൊളളാമെന്നുള്ള ആശയം മനസ്സിലുതിക്കുകയും അതി ഗംബീരമായി പെണ്ണന്വെഷണം ആരംഭിക്കുകയും ചെയ്തു. അതികം അന്വേഷിക്കുന്നതിനു മുന്‍പേ തന്നെ ആലുവയില്‍ നിന്നു ഒരു പെണ്ണ് കെട്ടി ജീവിതം ആരംഭിച്ചു. എന്തായാലും കല്യാണവും ജോലി ഇല്ലായ്മയും കൂടി ആയപ്പോള്‍ പഴയ മൊബൈല്‍ ബാര്‍ബര്‍ ആകാതെ ജീവിതം മുന്നോട്ടു പോകില്ലെന്ന് മനസ്സിലാക്കിയ ബബ്ബാര്‍ പഴയ ബാഗും ബ്ലേഡും കത്രികയും തട്ടും പുറത്തു നിന്നെടുത്തു പൊടി തട്ടി. മൊബൈല്‍ ബാര്‍ബര്‍ 2 ആം ഭാര്യയെ കൊണ്ടു ഉല്‍ഘാടനം ചെയ്യിച്ച് ശുഭ മുഹൂര്‍ത്തത്തില്‍ ജോലി ആരംഭിച്ചു അങ്ങിനെ ഉച്ചസ്ഥായീയില്‍ ആയി നിന്നിരുന്ന ശനി കിഴക്കം വഴിക്ക് സ്ഥലം കാലിയാക്കി.

ഒരിക്കല്‍ മൂപ്പരുടെ തറവാട്ട് വക പാടത്ത് കളിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ കളി കാണാന്‍ വന്നു നിന്ന അങ്ങേരെ ഞാന്‍ അടക്കമുള്ള തെണ്ടി പിള്ളേര്‍ കളിയാക്കുകയും ദേഷ്യം വന്ന ബബ്ബാറിക്ക ഞങ്ങളാരും മറക്കാത്ത ഒരു ഡയലോഗ് പറഞ്ഞു. ആ ഡയലോഗ് ഇങ്ങിനെയാണ്‌ "ഇനി മേലില്‍ ആരേലും ഈ പാടത്ത് തുഴയും ഉണ്ടയും (ക്രിക്കറ്റ്) കളിക്കാന്‍ വന്നാല്‍ അടിച്ച് കണ്ണ് ഞാന്‍ പൊട്ടിക്കും ഇതെന്റെ അവസാനത്തെ വാണിംഗ് ആണ്. ഇനി ഞാന്‍ ഒരിക്കല്‍ കൂടി പറയും പിന്നേം ഒരു വാണിംഗ് തരും" ഇതു കേട്ട ഞങ്ങള്‍ മൂപ്പരെ കൂകി ഓടിപ്പിച്ച് പതിവു പോലെ കളി തുടര്‍ന്നു‌.

വര്‍ഷങ്ങള്‍ പിന്നെയും കടന്നു പോയി അതിലിടയ്ക്ക് ബബ്ബാറിനു 2 പെണ്‍കുട്ടിബബ്ബാറുകള്‍ ഉണ്ടായി. മൂത്ത പെണ്‍കുട്ടി ബബ്ബാര്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴേക്കും മൊബൈല്‍ ബാര്‍ബര്‍ക്ക് സ്ഥിരമായ ഒരു വരുമാനം ഇല്ലാത്തതിനാല്‍ ഒരു നല്ല സ്ഥിരമായ ബാര്‍ബര്‍ പണി അത്യാവശ്യമായി വന്നു. പടച്ചോന്‍ ബബ്ബാറിന്‍റെ കൂടെ ആയിരുന്നു. അവിടെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആവറേജ് ബാര്‍ബര്‍ അവശ്യാമായി ഉണ്ടായിരുന്നതിനാല്‍ ആ ജോലിക്ക് ബബ്ബാറിനെ അപ്പോയിന്‍റ് ചെയ്യപ്പെട്ടു. വലിയ വര്‍ത്തമാനം കൂടുതല്‍ ആയതിനാല്‍ "ഞാന്‍ ചെല്ലാതെ ഡോക്ടര്‍ ഓപ്പറേഷന്‍ തിയറ്ററില്‍ കയറില്ല" എന്നും പറഞ്ഞാ ബാര്‍ബര്‍ ഡോക്ടര്‍ ഉദ്യോഗം കിട്ടിയ സന്തോഷം നാട്ടുകാരുമായി പങ്ക് വെച്ചത്. ഹോസ്പിറ്റലിലെ ഒഴിവുള്ള സമയങ്ങളില്‍ മൊബൈല്‍ ബാര്‍ബര്‍ ആയി നാട്ടികയിലൂടെ നടന്നു സ്വയം തൊഴില്‍ കണ്ടെത്തി . അതിലിടക്ക് തറവാട് ഭാഗം വെച്ച വകയില്‍ കുറച്ചു സ്ഥലം മൂപ്പര്‍ക്ക് കിട്ടി അതില്‍ ഒരു കുഞ്ഞു വീടും വെച്ചു കുടുമ്പത്തോടൊപ്പം സുഘമായി‌ ജീവിതം തുടരുന്നു.

ഇപ്പൊ ബബ്ബാറിക്കാക്ക് ഒരേ ഒരു വിഷമം മാത്രം മൂപ്പരുടെ ബാപ്പ ബാര്‍ബര്‍. നാട്ടികയുടെ ആസ്ഥാന ബാര്‍ബര്‍ ആയിരുന്നു. ആ സ്ഥാനം മൂപ്പര്‍ക്ക് കിട്ടാന്‍ വേണ്ടി കമ്മറ്റി ക്കാരുടെ പിന്നാലെ ഒരു പാട് നടന്നു. അവര്‍ ഈ ആവശ്യം നിഷ്കരുണം നിരസ്സിച്ചതിനാല്‍ ആ സ്ഥാനം കമ്മറ്റി പകുത്തു കൊടുക്കുന്നത് വരെ ഹോസ്പിറ്റലില്‍ ഒഴിവുള്ള സമയങ്ങളില്‍ മൊബൈല്‍ ബാര്‍ബറായി നടക്കുന്ന ബബ്ബാര്‍ എല്ലാ കമ്മറ്റിക്കാരുടെ വീട്ടിനു മുന്നിലൂടെ പോകുമ്പോഴും സാധരണയിലും ഉച്ചത്തില്‍ മുടി “വെട്ടാനുണ്ടോ” എന്നും ചോദിച്ചു നടപ്പാണ്.

ആസ്ഥാന ബാര്‍ബര്‍ സ്ഥാനം എത്രയും പെട്ടെന്ന് അനുവദിച്ചു കൊടുക്കണം എന്ന അഭ്യാര്‍ത്തനയോടെ ഞാന്‍ ബബ്ബാറിക്കയുടെ വിശേഷങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു.

മുടി വെട്ടാനുണ്ടോ?

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ബാര്‍ബര്‍ വിശേഷം കലക്കി

Appu Adyakshari said...

ബബ്ബാര്‍ വിശേഷങ്ങള്‍ രസമായി വായിച്ചു. :-)

Unknown said...

സഗീറിനും അപ്പുവേട്ടനും ഒരായിരം നന്ദി.

ഹന്‍ല്ലലത്ത് Hanllalath said...

നല്ല വിവരണം..
ഒരു ജീവിതമാപ്പാടെ പകര്‍ത്തിയിരിക്കുന്നു...

ദീപക് രാജ്|Deepak Raj said...

:)