Tuesday, February 17, 2009

ഒരു മന്ന് ചാളയും 510 ദിര്‍ഹവും

ഒരു ഡിസംബര്‍ 4 നാണ് എന്‍റെ ജീവിതത്തിലേക്ക് എന്‍റെ പാതി കടന്നു വന്നത്. അതിന് ശേഷം കഴിഞ്ഞ 5 വര്‍ഷമായി ജീവിതത്തിലെ സുഖവും ദുഃഖവും ഒരുമിച്ചു പങ്കിടുന്നു. പാതി ആയതിന് ശേഷം 2005 മേയ് 29 ന് ഒരു കുഞ്ഞിപ്പുലിയുടെ ജനനവും അവന്‍റെ വളര്‍ച്ചയും അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളൊക്കെ ആയി ഒരു വിധം അല്ലലില്ലാതെ ഇമ്മടെ ഷാര്‍ജയില്‍ സസുഖം വാഴുന്നു.

ഫ്ലാഷ് ബാക്ക്

നാട്ടികയില്‍ തെണ്ടി തിരിഞ്ഞു നടന്ന കാലത്ത് അത്യാവശ്യത്തിനും അനാവശ്യത്തിനും കുരുത്തക്കേടുകളും ഒന്ന് രണ്ട് പ്രണയങ്ങളും എല്ലാം ആയി കാര്‍ണോന്മാരേ കൊണ്ട് നല്ലത് എന്ന് പറയിക്കാന്‍ ഇഷ്ടമില്ലാത്തതിനാലും താന്തോന്നി ആയി നടാന്നിരുന്നതിനാലും ഒരു പ്രാവശ്യം ഞാന്‍ പരോളില്‍ വന്ന സമയത്ത് ആ ചീത്തപ്പേര് നന്നാക്കാതിരിക്കാന്‍ മാക്സിമം ട്രൈ ചെയ്തിട്ടാണ് 1 മാസത്തെ പരോള്‍ കാലാവധി അവസാനിപ്പിച്ച് തിരിച്ച് വന്നത്.

അപ്പൊ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ സ്വഭാവ ദൂഷ്യം കൊണ്ടു ചുരുങ്ങിയത് 100 പെണ്ണെങ്കിലും കണ്ടതിനു ശേഷം മാത്രമേ വെല്ല കണ്ണ് പോട്ടിയായ പെണ്‍കുട്ടികളും എന്‍റെ പാതിയാകാന്‍ എനിക്ക് തല വെച്ച് തരികയുള്ളൂ എന്ന ഉത്തമ ഭോധ്യത്തോടെയാണ് കല്ല്യാണ പരോളിന് ഞാന്‍ നാട്ടിലേക്ക് തിരിച്ചത്. ഒരു 99 പെണ്ണ് കണ്ട ഒരു കൂട്ടുകാരന്‍ 100 ആമത്തെ പെണ്ണ്‍ അവന്‍റെ ഭന്ധത്തില്‍ നിന്നു തന്നെ സ്വന്തമാക്കേണ്ടി വന്ന ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നതിനാല്‍ നാട്ടില്‍ നടന്നിരുന്ന എല്ലാ കുരുത്തകെടുകളിലും അവനെക്കാള്‍ മുന്‍പന്ധിയില്‍ ഉണ്ടായിരുന്ന എനിക്ക് പെണ്ണ് കാണലിന്‍റെ കാര്യത്തിലും അവനെക്കാള്‍ മുന്‍പന്ധിയില്‍ നില്‍ക്കണമെന്ന വലിയ ആഗ്രഹം കൊണ്ടാണ് അങ്ങിനെ ഒരു സ്വപനം കണ്ടത്.

എന്നെ പോലെ തന്നെ എന്‍റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്‍റെ പെണ്ണുകാണലിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു സെഞ്ച്വറി അടിക്കുമെന്ന കാര്യത്തില്‍ ഇമ്മടെ ധോണിയുടെ സിക്സുകളുടെ അത്ത്രക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്തായാലും പരോളിന്‍റെ ആദ്യ ദിവസം രാവിലെ തന്നെ കല്യാണ ബ്രോക്കര്‍മാരുടെ വന്‍ തിരക്കായിരുന്നു. രണ്ടാം ദിവസം മഷിയിട്ടു നോക്കിയിട്ട് പോലും പേരിനു ഒരു ബ്രോക്കറെ കണ്ടെത്താനായില്ല. എങ്ങിനെ വരും വന്ന ബ്രോക്കര്‍മാരെല്ലാം വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള ചായ കടയിലേക്ക് ചെല്ലും അവിടെ ചെന്ന്‍ എന്നെ കുറിച്ച് അന്വേഷിക്കും അവിടെ ചായ കുടിക്കാന്‍ വന്ന നാട്ടുകാരും വെറുതെ വഴിയിലൂടെ പോകുമ്പൊള്‍ ഒരു ചായ കുടിച്ചിട്ട് യാത്ര തുടരാം എന്ന് കരുതി കയറുന്ന വഴിപോക്കര്‍ അടക്കം എല്ലാരും കൂടി എന്‍റെ സ്വഭാവ സെര്‍ട്ടിഫിക്കേറ്റ് വന്ന ബ്രോക്കര്‍ക്ക് ഒപ്പിട്ട് കൊടുക്കും. അതും വേടിച്ച് അവര്‍ സ്ഥലം കാലിയാക്കും.

അങ്ങിനെ 30 ദിവസത്തെ പരോളില്‍ 5 ദിവസം കഴിഞ്ഞു പോയി. 100 പെണ്ണുങ്ങള്‍ പോയിട്ട് 1 പെണ്ണെങ്കിലും കാണാന്‍ പറ്റുമെന്ന പ്രെതീക്ഷ ഇല്ലാതായി. "ദൈവമേ കയ്യിലിരിപ്പ് കൊണ്ട് ജീവിതത്തില്‍ ഒരു പെണ്ണ് കാണല്‍ പോലും ഇല്ലാതെ മരിക്കേണ്ടി വരുമോ" എന്ന് ഉള്ളിന്‍റെ ഉള്ളിലിരുന്ന് ഏതോ ഒരു തെണ്ടി പറഞ്ഞു കൊണ്ടേ ഇരുന്നു.

അങ്ങിനെ ടെന്‍ഷന്‍ അടിച്ച് ഇരിക്കുന്ന 6 ആം ദിവസം ഹതഭാഗ്യനായ ഒരു കൊടുങ്ങല്ലൂര്‍ക്കാരന്‍ ബ്രോക്കര്‍ വന്ന് അങ്ങ് തെക്കുള്ള 2 പെണ്‍കുട്ടികളുടെ കാര്യം പറഞ്ഞു. ബ്രോക്കറെ ഇപ്പൊ പറഞയച്ചാല്‍ അയാള്‍ നേരെ ചായക്കടയില്‍ പോകുമെന്നുറപ്പുള്ളതിനാല്‍ അപ്പൊ തന്നെ കുളിച്ചൊരുങ്ങി ഞാനും പിതൃപുലിയും അനിയന്‍പുലിയും തെക്കോട്ട്‌ വെച്ചു പിടിച്ചു.
ആദ്യം കണ്ടതിനു ഉയരം നന്നേ കുറവായതിനാല്‍ ഇനി 99 പെണ്ണിനെ കൂടി കാണാന്‍ ബാക്കിഉള്ളതിനാലും അതിന്‍റെ കൂടെ ഇച്ചിരി അഹങ്കാരവും കൂടി ഉള്ളതിനാല്‍ അപ്പൊ തന്നെ ഒഴിവാക്കി. 2 ആമത് കണ്ടതിനെ എനിക്കിഷ്ടമായെങ്കിലും എന്‍റെ സൗന്ദര്യ കൂടുതല്‍ കൊണ്ട് അവള്‍ക്കെന്നെ ഇഷ്ടമായില്ല. അങ്ങിനെ വീണ്ടും ബ്രോക്കര്‍മാര്‍ ഇല്ലാത്ത ഒരു അനാഥ പ്രേതം പോലെ വീട്ടില്‍ ചടഞ്ഞു കൂടി ഇരുന്നു.

ഈ പരോളിലെങ്കിലും എന്നെ പെണ്ണ് കെട്ടിച്ച് വിട്ടില്ലെങ്കില്‍ മോന്‍റെ സ്വഭാവ ദൂഷ്യം കൂടുമെന്ന പേടിയുള്ളതിനാല്‍ എന്‍റെ പിതൃ പുലിയും മാതൃ പുലിയും കൂടി ബ്രോക്കര്‍മാരെ ഒഴിവാക്കി ഭന്ധു ജനങ്ങളോടും സുഹൃത്ത് ജനങ്ങളോടും ഫോണിലൂടെയും നേരിട്ടും അന്വേഷണം ശക്തമാക്കി. എന്തായാലും കുടുമ്പ സുഹൃത്തും പിതൃ പുലിയുടെ ഉറ്റ സുഹൃത്തുമായ ഒരു പാവം മനുഷ്യന്‍ അങ്ങേരുടെ ഭാര്യയുടെ കുഞ്ഞുമ്മയുടെ (അമ്മയുടെ അനിയത്തി) മകള്‍ ഒരാള്‍ കൊറ്റംകുളത്ത് പുര നിറഞ്ഞു നിക്കുന്ന കാര്യം പറഞ്ഞു കേട്ട പാതി കേള്‍ക്കാത്ത പാതീ ഞാന്‍, പിതൃ പുലി, മാതൃ പുലി, പിന്നെ അനിയന്‍ പുലിയും കൂടി കൊറ്റംകുളം ലക്ഷൃമായി പാഞ്ഞു.

നാട്ടികയില്‍ നിന്നു NH17 ലൂടെ കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വഴിയില്‍ റോഡ് സൈഡില്‍ തന്നെ വലതു വശത്ത് ഒരു വലിയ കുളം കാണുന്ന സെന്‍റര്‍ ആണ് സ്ഥലം. ഇമ്മടെ സാന്‍ട്രോ അവരുടെ ഗേറ്റ് കടന്നു കാര്‍ പോര്‍ച്ചിലേക്ക് കയറി നിന്നു ഞങ്ങള്‍ എല്ലാവരും ‍ഇറങ്ങി വീടിനകത്തേക്ക് കയറി ഇരുന്നു സാധരണ പെണ്ണ് കാണലിനുണ്ടാകുന്ന എരി പൊരി സാധനങ്ങളും മധുര പലഹാരങ്ങളും എല്ലാം മേശമേല്‍ നിരത്തി വെച്ചിട്ട് പെണ്ണിന്‍റെ ഉമ്മ അകത്തോട്ടു പോയി.

കാര്യ പരിപാടി ആയ സിനിമയില്‍ എല്ലാം കാണുന്ന നമ്ര മുഖിയായി ചായ കൊണ്ടു വരുന്ന പെണ്ണിന്‍റെ സീന്‍ പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളുടെ മുന്നിലേക്ക് ആ പ്രതീക്ഷ തല്ലിപോളിച്ച് ചായയുമായി പിന്നേം വരുന്നു പെണ്ണിന്‍റെ ഉമ്മ ചായ മേശയില്‍ വെച്ചിട്ട് എന്നെ നോക്കി പറയുവാ "അവള് ഭയങ്കര നാണം കുണുങ്ങിയാ നാണം കൊണ്ടു പുറത്തേക്ക് വരാന്‍ സമ്മതിക്കുന്നില്ല" ഇതു കേട്ട എനിക്ക് പെണ്ണിന്‍റെ ഉമ്മാടെ മുഖം അടിച്ച് പൊളിക്കാനാണ് തോന്നിയത് പക്ഷേ എന്ത് ചെയ്യാം ഒരു പെണ്ണ്‍ കാണലിനാണ് വന്നിരിക്കുന്നത് എന്ന ചിന്ത എന്നെ അതില്‍ നിന്ന്‍ പിന്തിരിപ്പിച്ചു. ആഹിച്ച് മോഹിച്ച് ഇത്രടം വരെ വന്നിട്ട് പെണ്ണിനെ കാണാതെ പോകേണ്ടി വരുമോ എന്ന ഭയം എന്‍റെ ഉള്ളില്‍ കിടന്ന്‌ പുകഞ്ഞു.

എന്‍റെ മുഖഭാവം കണ്ടിട്ടാവണം എന്‍റെ മാതൃ പുലി ഒരി ഐഡിയ പറഞ്ഞു. "പെണ്‍കുട്ടിയെ പെണ്‍കുട്ടി നില്‍ക്കുന്ന റൂമിലേക്ക്‌ ചെക്കന്‍ പോയി കാണട്ടേ" ഐഡിയ എല്ലാരും കൂടി കൈ അടിച്ച് പാസ്സാക്കി. സത്യം പറഞ്ഞാല്‍ അത് കേട്ടപ്പോള്‍ എന്‍റെ ഉള്ളില്‍ നിന്ന്‍ എവിടെ നിന്നോ ഒരു ഭയം കൂടി കൂടി വന്നു. എന്നാലും ഭയം പുറത്ത് കാണിക്കാതെ പെണ്‍കുട്ടി നില്‍ക്കുന്ന റൂമിന്‍റെ വാതില്‍ക്കല്‍ എത്തി. എന്‍റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൊണ്ട് ദേ നില്‍ക്കുന്നു പെണ്ണിന്‍റെ ഉമ്മ വീണ്ടും. സത്യത്തില്‍ ഞാന്‍ കാണാന്‍ വന്ന പെണ്ണ്‍ ജീവിച്ചിരുപ്പില്ലേ എന്ന ശങ്ക എന്‍റെ ഭാക്കിയുണ്ടായിരുന്ന ദൈര്യവും പോയി.

പെണ്ണിന്‍റെ ഉമ്മാടെ ശബ്ദം കേട്ടിട്ടാണ് പിന്നെ ഞാന്‍ നേരെ നോക്കിയത്. പെണ്ണിന്‍റെ ഉമ്മ കഷ്ടപ്പെട്ട് ഉമ്മാടെ പിന്നില്‍ നിന്ന് മോളെ വലിച്ച് മുന്നില്‍ നിറുത്തും വലതു വശത്ത് കൂടി മുന്നില്‍ വരുന്ന പെണ്‍കുട്ടി ഇടതു വശത്ത് കൂടി വീണ്ടും ഉമ്മാടെ പിന്നിലേക്കു അങ്ങിനെ ഇമ്മടെ ചന്ദ്രന്‍ ഭു‌മിയെ വലം ചെയ്യും പോലെ പെണ്‍കുട്ടി ഉമ്മനെ കറങ്ങി കൊണ്ടിരിക്കുന്നതും കണ്ടതോടെ നേരെ സംസാരിക്കുന്നത് പോയിട്ട് നേരെ ഒന്നു നോക്കാന്‍ പോലും സാധിക്കാതെ ഞാന്‍ ഇരുന്നിടത്തേക്ക് തരിച്ച് വന്നു ഒരു വിധം ഉപവിഷ്ടടനായി. പിന്നെ യാത്ര പറഞ്ഞിറങ്ങി.

പെണ്ണിനെ കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമത്തോടെ വണ്ടിയില്‍ ഇരിക്കുമ്പോള്‍ പിതൃ പുലി എന്നെ നോക്കി നമുക്കു ഇതങ്ങോട്ട് ഉറപ്പികുകയല്ലേ എന്ന ചോദ്യം എറിഞ്ഞു തന്നു. പണ്ടു മുതലേ പിതൃ പുലിക്കു വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവമായതിനാലും എനിക്ക് പെണ്ണിനെ ശരിക്ക് കാണാന്‍ പറ്റിയില്ല എന്ന് പറയാന്‍ പേടി ആയതിനാല്‍ മിണ്ടാതിരുന്നു. വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന അനിയന്‍ പുലി ആ നമുക്കത് ഉറപ്പിക്കാം അല്ലെ ഇക്കാ എന്ന് ചോദിച്ചപ്പോള്‍ അവനെ ആവശ്യത്തില്‍ കൂടുതല്‍ വിശ്വസിച്ചിരുന്നതിനാലും അവന്‍റെ ഇഷ്ടങ്ങള്‍ എല്ലാം തന്നെ എന്‍റെയും ഇഷ്ടം ആയതിനാലും പെണ്ണിനെ കണ്ടില്ല എന്ന വിഷമം മാറ്റി വെച്ച് ആ പെണ്‍കുട്ടിയെ തന്നെ ഉറപ്പിക്കാമെന്ന കരാറില്‍ ഞാന്‍ ഒപ്പിട്ടു.

പിന്നെടെല്ലാം പെട്ടന്നായിരുന്നു സ്വന്തം ജേഷ്ടത്തിയുടെ പിരിശപ്പെട്ട മരുമഖന്‍ കൊണ്ടു വന്ന ചെക്കന്‍ ആയതിനാല്‍ അവര്‍ എന്നെ കുറിച്ചു കാര്യമായി ഒന്നും അന്വേഷിക്കാന്‍ മെനക്കെട്ടില്ല വെറും 5 ദിവസ്സം കൊണ്ട് പെണ്ണ് കാണല്‍ തൊട്ടു കല്ല്യാണം വരെ നടന്നതിനാല്‍ കല്ല്യാണം കലക്കികള്‍ക്ക് കലക്കാനുള്ള സമയവും കിട്ടിയില്ല എന്തായാലും ഒരു ഡിസംബര്‍ 4 ഇന് എന്‍റെ നിക്കാഹ് നടന്നു.

12 ദിവസത്തെ മധുവിധു ആകോഷത്തില്‍ എണ്ണിയാല്‍ തീരാത്ത അത്ര വിരുന്നുകളും ഒരു ഊട്ടി യാത്രയും കഴിഞ്ഞപ്പോള്‍ പരോളിന്‍റെ കൂട്ട ബെല്ലടി കെട്ട് എന്‍റെ ചങ്ക് കത്തി. പരോള്‍ കാലാവധി നീട്ടി കിട്ടാന്‍ ബോസ്സിനെ വിളിച്ചെങ്കിലും അവിടെ നിന്ന്‌ ആ അപേക്ഷ ചവറ്റു കോട്ടയില്‍ ഇട്ടതിനാല്‍ എല്ലാ ആകോഷങ്ങള്‍ക്കും അവധി കൊടുത്ത് ദുഫായ് നഗരത്തിലേക്കു യാത്ര ആയി. വിരഹ ദുഖം താങ്ങാനാവാതെ എത്തിസലാത്ത് (Tele Communication department. U. A. E.) എന്‍റെ പൈസ മുഴുവന്‍ സ്വന്തമാക്കുമെന്ന് നാട്ടില്‍ നിന്ന് വന്ന് വെറും 5 ദിവസ്സം കൊണ്ട് മനസ്സിലാക്കിയ ഞാന്‍ പെട്ടെന്ന് തന്നെ ജുമൈറയില്‍ ഒരു ഷെയറിങ്ങ് വില്ല സംഘടിപ്പിച്ച് എന്‍റെ പാതിയെ ദുഫായിലേക്ക് പറിച്ചു നട്ടു.

കുടുമ്പത്തിലെ ഏക മകള്‍ ആയിരുന്നതിനാല്‍ കുക്കിങ്ങ് ഒന്നും അറിയാതിരുന്ന എന്‍റെ പാതി‌ വരുമ്പോള്‍ ഒരു നിഘണ്ടുവിനോളം വരുന്ന കുക്കിങ്ങിന്‍റെ കയ്യെഴുത്ത് പ്രതിയും കൊണ്ടാണ് വന്നത്. പരിപ്പ് കറി മുതല്‍ ചിക്കന്‍ ബിരിയാണി വരെ വെക്കാനുള്ള എല്ലാ ഗുട്ടന്സുകളും ആ നിഘണ്ടുവില്‍ കഷ്ടപ്പെട്ട് എന്‍റെ പാതി എഴിതിയെടുത്തിട്ടണ് നാട്ടില്‍ നിന്ന്‌ ദുഫായിലേക്ക് വിമാനം കയറിയത്.

എന്തായാലും ആദ്യ ആഴ്ച ബ്രെഡ്, മുട്ട, കുബ്ബൂസ് എന്നി ഇന്സ്റ്റന്റ്റ് ഫുഡ് അടിച്ച് കൊണ്ട്‌ അഡ്ജസ്റ്റ് ചെയ്ത് ദിവസങ്ങള്‍ തള്ളി നീക്കി. പിന്നീട് വന്ന ഒഴിവു ദിവസത്തില്‍ അത്യാവശ്യമുള്ള പത്രങ്ങളും ലുലുവില്‍ നിന്ന് കുറച്ച് അവശ്യ സാധനങ്ങളും മീന്‍ മാര്‍ക്കറ്റില് പോയി ഒരു മന്ന് ചാളയും (4 കിലോ മത്തി) വാങ്ങി അടുക്കള ഉല്‍ഘാടനം ചെയ്തു. ഒഴിവ് ദിവസം കഴിഞ്ഞു ഞാന്‍ ജോലിക്ക് പോയ സമയം ചാളക്കറിയുണ്ടാക്കി ഉച്ച ഭക്ഷണത്തിന് ഞാന്‍ വരുമ്പോള്‍ എനിക്ക് സര്‍പ്രൈസ്സ് തരാന്‍ ഉള്ള അതിയായ മോഹം മൂലം ഫ്രീസ്സറില്‍ നിന്ന്‌ ചാള എടുത്ത് വെള്ളത്തിലിട്ടു.

മുറിക്കുന്നതിന്‍റെ പരിചയക്കുറവു മൂലം ചാള മുറിക്കുന്നതിനിടയില്‍ കത്തി തെന്നി ചുള്ളി വിരല്‍ മുറിഞ്ഞു മുറിവിന്‍റെ വലിപ്പ കൂടുതല്‍ കൊണ്ട്‌ ചോര നന്നായി ഒഴുകുന്നത്‌ കണ്ടു പേടിച്ച പാതി അടുത്ത റൂമിലുള്ള ഇത്താനെ വിളിച്ചു വിവരം പറഞ്ഞു. അവര് വന്നിട്ട് ചോര നിക്കാന്‍ വേണ്ടി കുറെ ചായപ്പൊടി മുറിവിലിട്ടു എന്നിട്ടും ചോര ഒഴുക്ക് നിലക്കാതെ വന്നപ്പോള്‍ എന്നെ വിളിച്ച് വിവരം പറഞ്ഞു ഞാന്‍ ഓടി കിതച്ച് വീട്ടിലെത്തുകയും മുറിവിന്‍റെ ആഴ കൂടുതല്‍ കൊണ്ടും ചോര നില്‍ക്കാത്തതിനാലും അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ട് പോയി. മുറിവില്‍ ഇട്ടിരിക്കുന്ന ചായപ്പൊടി കണ്ട ഡോക്ടര്‍ അല്പം പന്‍ചസാരയും ഇച്ചിരി ചൂടു വെള്ളവും കൂടി ഒഴിച്ച് ചായ കുടിക്കമായിരുന്നില്ലേ എന്ന് ചോദിച്ച് ചൂടായി. മുറിവ് കഴുകി വ്രിത്തിയാക്കി ഒരു പോയ്സ്സണ്‍ ഇഞ്ജക്ഷനും കുറച്ചു വിറ്റാമിന്‍ ഗുളികകളും 7 സ്റ്റിച്ചും ഇട്ടു 500 ദിര്‍ഹത്തിന്‍റെ ഒരു ബില്ലും തന്നു വീട്ടില്‍ പോയി റെസ്റ്റ് എടുത്തോളാന്‍ പറഞ്ഞു യാത്ര ആക്കി.
അന്ന് ഞാന്‍ ഒരു മന്ന് ചാളക്ക് 10 ദിര്‍ഹംസും കൈ മുറിഞ്ഞ വഖയില്‍ 500 ദിര്‍ഹംസും കുട്ടി ഒരു മന്ന് ചാളക്ക് 510 ദിര്‍ഹംസ് ചിലവാക്കിയ ഏക മലയാളി എന്ന ബഹുമതിക്കര്‍ഹനായി.

പിന്‍കുറിപ്പ്.

എക്സ്പീരിയന്‍സ് ഏറ്റവും നല്ല ടീച്ചര്‍ എന്നാണല്ലോ. എന്തായാലും അന്നത്തെ ആ അപകടത്തിനു ശേഷം ശെരിയായ രീതിയില്‍ മീന്‍ മുറിക്കാനും നല്ല ചാളക്കറി ഉണ്ടാക്കാനും എന്‍റെ പാതി പഠിച്ചു എന്ന സത്യം പറഞ്ഞ് കൊണ്ട്‌ ഈ കഥക്കുള്ള ആന്ത്യം കുറിക്കട്ടേ.

5 comments:

ഹരീഷ് തൊടുപുഴ said...

താങ്കളുടെ പുലിപ്പടങ്ങളിലെ കമ്മെന്റ് ഓപ്ഷന് എന്തോ തകരാറുണ്ട്. ഇവിടെ നിന്നും കമ്മെന്റാന്‍ പറ്റുന്നില. അതായത് ഡെനീട് ആയാണു കിടക്കുന്നത്.
നിങ്ങളുടെ ഇ-മേയില്‍ പോലും കൊടുത്തിട്ടില്ലാത്തതിനാല്‍ ഇത് അറിയിക്കാന്‍ നിര്‍വാഹമില്ലായിരുന്നു.
ഓടി പോയി വേഗം ആ പ്രശ്നങ്ങള്‍ പരിഹരിക്കൂ..

ഹരീഷ് തൊടുപുഴ said...

ഏതായാലും പെണ്ണുകാണല്‍ചടങ്ങുകള്‍ കലക്കി;
കുഞ്ഞിപ്പുലിയും, അമ്മപ്പുലിയും, അച്ഛന്‍പുലിയും സസുഖം നീണാള്‍ വാഴട്ടെ എന്നാശംസിക്കുന്നു...

Unknown said...

ഒരു തുടക്കകാരന്‍ എന്ന നിലക്ക് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഇനിയും പ്രതീക്ഷിച്ച് കൊണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക് നന്ദി ഒരായിരം നന്ദി.

hi said...

:) kollaam..

Prajeesh said...

സമീര്‍ക്ക......നിങ്ങള്‍ വീണ്ടും എന്റെ പൂച്ചകളെ കെട്ടഴിച്ചു വിടുകയാണല്ലെ......ദൈവം ചോദിക്കും.....! ഒരു തെണ്ടി അഴിച്ചുവിട്ടതിന്റെ ക്ഷീണം മാറിയില്ല.........


എന്തായാലും...നന്നായിരിക്കുന്നു......