Sunday, November 8, 2009

കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്

അപ്പൊ പറയാനുള്ളത് 90 കളില്‍ നടന്ന ഒരു സംഭവമാണ് . അപ്പൊ തുടങ്ങല്ലേ.

അതാ അങ്ങോട്ട്‌ നോക്കു. ഈര്ക്കിളിയെ വെല്ലുന്ന വണ്ണവും മുഖക്കുരു വന്നു വിരു‌പമായ മുഖവുമായി ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് നിങ്ങള്‍ കാണുന്നില്ലേ? എവിടെ കാണാന്‍ കുറച്ചു നേരം കൂടി കാത്തു നില്ക്കു ‌ ഹാ ഇപ്പൊ കാണുന്നില്ലേ അതാണ്‌ നമ്മുടെ കഥാനായകന്‍! കാണാന്‍ ഒരു മെനയില്ലെങ്കിലും ഇവന്‍ ആളൊരു പുലിയാണ്. ഈ മെനയില്ലായ്മ കൊണ്ട് തന്നെ കൂട്ടുകാര്ക്കിടയില്‍ പിടിച്ചു നില്ക്കാന്‍ വേണ്ടി അടിപിടി ഉണ്ടാകുമ്പോള്‍ അതിനിടയിലേക്ക് ഉളിയിട്ടു അടിപിടിയുടെ മുന്നില്‍ നെഞ്ചും വിരിച്ചു നില്ക്കുക. കിട്ടുന്ന അടി മൊത്തമായും മേടിക്കുക. ചില്ലറ ആയി തിരിച്ചു കൊടുക്കുക. കൂട്ടുകാര്ക്ക് വേണ്ടി പ്രണയാഭ്യാര്ത്ഥനകള്‍ നടത്തുക. നല്ല മെനക്ക്‌ പോകുന്ന പ്രണയങ്ങള്‍ പൊളിക്കുക. തടിമിടുക്കുള്ള ആങ്ങളമാരുടെ കണ്ണിലെ കരടാവുക. സിനിമ തിയറ്ററുകളില്‍ തിരക്കില്‍ ഇടിച്ചു കയറി ടിക്കറ്റെടുത്ത് സിനിമ കാണുക എന്നീ കലാപരിപാടികളാണ് മുഖ്യ അയിറ്റം. ഈ അയിറ്റങ്ങളൊക്കെ കാഴ്ച വെച്ച് ഞങ്ങടെ നാട്ടിലെ ക്ലബ്ബിന്റെ പ്രസിഡന്റ്‌ വരെ ആയി ഈ അസുരവിത്ത്.

അങ്ങിനെ പ്രസിഡന്റായി സസുഖം വാഴുന്ന സമയത്ത് കു‌ട്ടുകാരനായ 'രോമാഞ്ചം' എന്ന് ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന ഷാജി നമ്മുടെ കഥാനായകനെ കാണാന്‍ വന്നു. സീമ എന്നാ പെണ്‍ കുട്ടിയോട് അവനുണ്ടെന്നു പറയപ്പെടുന്ന ഇഷ്ടം കഥാനായകന്‍ പോയി വളച്ച് അവന്റെ കുപ്പിയില്‍ ആക്കി കൊടുക്കണം. കുപ്പിയില്‍ ആക്കി കൊടുക്കുന്നത് വരെയുള്ള ദിവസങ്ങളില്‍ കഥാനായകന് സിഗരറ്റ് മുതല്‍ പൊറോട്ടയും സാമ്പാറും വരെയുള്ള ദൈനംദിന ചിലവുകള്‍ രോമാഞ്ചത്തിന്റെ വക. അത് കേട്ടപ്പോള്‍ തന്നെ കഥാനായകന്‍ മറ്റൊന്നും ആലോചിക്കാതെ പുന്നെല്ല് കണ്ട പെരുച്ചാഴിയെ പോലെ ചാടി വീണു.

കഥാനായകന്‍ അന്ന് തന്നെ സീമയെ വളച്ച് കുപ്പിയില്‍ ആക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രമത്തിന്റെ ആദ്യ പടി എന്ന നിലക്ക് സീമയെ കാണാന്‍ ആയി അവള്‍ പഠിക്കുന്ന കോളേജിന്റെ വാതില്‍ക്കലെത്തി. ഏതാണ്ട് നാല് മണിയോടെ രോമാഞ്ചത്തിന്റെ സ്വന്തം സീമ മന്ദം മന്ദം പതുക്കെ പതുക്കെ സ്പീഡില്‍ കുറച്ചു കൂട്ടുകാരികളോടൊത്ത് ബസ്സ്‌റ്റോപ്പിലേക്ക് നടന്ന് നീങ്ങുന്നത്‌ കഥാനായകന് രോമാഞ്ചം കാണിച്ചു കൊടുത്തു..

സീമ നല്ല കിണ്ണന്കാ‌ച്ചി ചരക്ക്‌. ഇരു നിറം അത്യാവശ്യം പൊക്കം അതിനൊത്ത വണ്ണം മയില്‍പ്പീലി കണ്ണുകളും നീളന്‍ മുടിയും തുളസിക്കതിരും എല്ലാമായി അസ്സല്‍ ഗ്രാമീണ പെണ്‍കൊടി. ആരെയും മോഹിപ്പിക്കുന്ന കണ്ണുകള്‍ സത്യത്തില്‍ രോമാഞ്ചത്തിന് കൊടുത്ത വാക്ക് മാറ്റിയാലോ എന്ന് വരെ അവളെ കണ്ട നിമിഷത്തില്‍ കഥാനായകന്‍ ആലോചിച്ചു പോയി. കിട്ടാന്‍ പോകുന്ന സിഗരറ്റിന്റെയും പൊറോട്ടയുടെയും സമ്പാറിന്റെയും കാര്യം ആലോചിച്ചപ്പോള്‍ ആ ചിന്ത മുളയിലേ നുള്ളി.

രണ്ടു ദിവസത്തെ നോക്കി നിന്ന് വെള്ളമിറക്കല്‍ എന്ന പതിവ് പരിപാടിക്ക് ശേഷം കഥാനായകന്‍ അവളെ പോയി പരിജയപ്പെട്ടു. പേരും വീട്ടുപേരും വീട്ടിലുള്ള തടിമിടുക്കുള്ളവരുടെ എണ്ണവും പക്ഷിമൃഗാദികളുടെ എണ്ണവും ഒരു സെന്സസെടുക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ വയ്ഭവത്തോടെ മനസ്സിലാക്കി. ഇത് കഥാനായകന്റെ സ്ഥിരം നമ്പര്‍ ആണ് ആദ്യം പെണ്‍കുട്ടിയുടെ നല്ലൊരു കുട്ടുകാരന്‍ ആവുക പിന്നീട് പടി പടിയായി കാര്യം അവതരിപ്പിക്കുക. ഇഷ്ടമായാല്‍ കഥാനായകന്‍ ഹാപ്പി ഇനി ഇപ്പൊ അല്ലെങ്കില്‍ നല്ലൊരു കുട്ടുകാരന്‍ ആയി തന്നെ തുടരും. കുട്ടുകാരന്‍ ആകുക എന്ന പരിപാടി നല്ല രീതിയില്‍ തന്നെ വിജയിച്ചു. ദിവസങ്ങള്‍ കടന്നു പോയി അതോടൊപ്പം രോമാഞ്ചത്തിന്റെ കീശയും കാലിയായി കൊണ്ടിരുന്നു. നല്ലൊരു കുട്ടുകാരന്‍ ആയതോടെ സീമയോട് എന്തും സംസാരിക്കാം എന്ന ലെവലില്‍ നമ്മുടെ കഥാനായകന്‍ എത്തി.

അങ്ങിനെ ആ സുദിനം വന്നെത്തി. രണ്ടും കല്പിച്ച് കഥാനായകന്‍ രോമാഞ്ചത്തിന്റെ പ്രേമത്തിന്റെ അപ്പ്ലി സീമയുടെ മുന്നില്‍ വെച്ചു. കേട്ട പാതി കേള്ക്കാ ത്ത പാതി അവള്‍ ആ ഒരു ദാക്ഷിണ്യവുമില്ലാതെ ആപ്ലി റിജെക്റ്റ് ചെയ്തു കുട്ടുകാരന്‍ എന്ന സ്വാതന്ത്ര്യം വെച്ച് ആലോചിച്ചു ഒരു നല്ല തീരുമാനം എടുക്കാന്‍ കഥാനായകന്‍ ഒരാഴ്ച്ച്ചത്തെ സമയം സീമക്ക് കൊടുത്തു. ആ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും കഥാനായകന്‍ സീമയെ കണ്ടിരുന്നെങ്കിലും രോമാഞ്ചത്തെ പ്രേമിക്കാന്‍ സൌകര്യമില്ലെന്ന മറുപടി വീണ്ടും വീണ്ടും ആവര്ത്തിച്ചു. ഇങ്ങിനെ എല്ലാം ആയിരുന്നു എങ്കിലും കഥാനായകന്റെ ഉള്ളിന്റെ ഉള്ളില്‍ സീമ ഏഴാം ദിവസം ഒരു കള്ളച്ചിരിയോടെ ഞാനും രോമാഞ്ചത്തെ എന്റെ ജീവനേക്കാള്‍ സ്നേഹിക്കുന്നു എന്ന് പറയും കഥാനായകന്‍ പ്രെതീക്ഷിച്ചു അതിനായി കഥാനായകന്‍ പ്രാര്ത്ഥി്ച്ചു. കഥാനായകന്റെ എല്ലാ പ്രെതീക്ഷയും പ്രാര്ത്ഥ്നയും കാറ്റില്പ്റത്തി രോമാഞ്ചത്തെ പ്രേമിക്കാന്‍ എന്റെ ജീവിതത്തില്‍ പറ്റില്ലെന്ന് സീമ തീര്ത്തു പറഞ്ഞു.

രോമാഞ്ചത്തിനോട് അവളെ മറക്കണം എന്ന് പറയുക അല്ലാതെ കഥാനായകന്റെ മുന്നില്‍ വേറെ ഒരു വഴിയുമുണ്ടാകില്ല. "കിട്ടാത്ത മുന്തിരി പുളിക്കും" എന്ന പഴഞ്ചൊല്ല് അര്ത്ഥലവത്താക്കും വിധം രോമാഞ്ചത്തിന്റെ വായില്‍ നിന്ന് വന്ന മ..മോനെ പു..മോനെ താ..മോനെ @ ##@@##@ മലയാളത്തില്‍ ഇന്ന് വരെ കഥാനായകന്‍ കേള്ക്കാ ത്ത കാര്യങ്ങള്‍ പറഞ്ഞെങ്കിലും മാനാഭിമാനം എന്ന വാക്ക് കഥാനായകന്റെ നിഘണ്ടുവില്‍ ഇല്ലാതിരുന്നതിനാല്‍ രോമാഞ്ചത്തിന്റെ വാക്കുകള്‍ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു.

നമ്മുടെ കഥാനായകന്‍ സീമയുടെ ഒരു നല്ല കൂട്ടുകാരനായി തുടര്ന്നു . ആയിടക്ക്‌ കഥാനായകന്റെ മറ്റൊരു കു‌ട്ടുകാരന്‍ 'കുറുപ്പ്' സീമയെ കണ്ടു. കുറുപ്പിന്റെ വക ഒരു അപ്പ്ലി വെക്കാന്‍ ആപ്ലി വെക്കലില്‍ ഡിഗ്രീ ഉള്ള നമ്മുടെ കഥാനായകനെ തന്നെ ഏല്പിച്ചു. ഈ അപ്ലിയും ഒരു വന്‍ പരാജയം ആകും എന്നുറപ്പുള്ള കഥാനായകന്‍ കുറുപ്പിനെ ഈ അപ്ലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറുപ്പ് അതിനൊന്നും വഴങ്ങിയില്ല. അവസാനം കുറുപ്പിന്റെ അപ്ലിയും കൊണ്ട് സീമയെ മുന്നിലേക്ക് കഥാനായകന്‍ ചെന്നു.

സീമയുടെ മറുപടി പ്രെതീക്ഷിച്ചത് പോലെ തന്നെ 'നോ' എന്ന് തന്നെ ആയിരുന്നു. കഥാനായകാ മോനെ നിനക്ക് ഈ അപ്ലിവെക്കല്‍ അല്ലാതെ വേറെ ഒരു പണിയുമില്ലേ എന്ന് സീമ ചോദിക്കുകയും ചെയ്തു. നമ്മുടെ കഥാനായകന് ഇതുപോലെ എന്തെല്ലാം കേട്ടിരിക്കുന്നു. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടില്ലെന്നാണല്ലോ. കുറുപ്പിന്റെ വായില്‍ നിന്നും സീമയുടെ വായില്‍ നിന്നും കേട്ടതുമുഴുവാന്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് കളഞ്ഞു. കഥാനായകന്‍ മുന്നോട്ടു തന്നെ നടന്നു.

ദിവസങ്ങള്‍ കടന്നു പോയി ആയിടക്ക്‌ സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന്റെ മനസ്സിന്റെ ഉള്ളില്‍ നിന്ന് ആരോ ചോദിച്ചു കൊണ്ടിരുന്നു. ആദ്യമൊക്കെ മനസ്സിന്റെ ഉള്ളിലുള്ള ആളെ ശ്രദ്ധിച്ചില്ലെങ്കിലും ദിവസങ്ങള്‍ കഴിയുംതോറും സീമയെ എന്തുകൊണ്ട് തനിക്കു പ്രേമിച്ചുകൂടാ എന്ന ചിന്ത കഥാനായകന് കലശലായി. ആപ്ലി വെക്കാനായി പലതവണ സീമയുടെ മുന്നില്‍ വെച്ച് വായ തുറന്നെങ്കിലും ശബ്ദം മാത്രം പുറത്തു വന്നില്ല . സ്വന്തം ആപ്ലി വെക്കാന്‍ പുറത്ത് നിന്ന് ആളെ വാടകക്ക് വിളിക്കേണ്ടി വരുമോ എന്ന് വരെ കഥാനായകന്‍ ചിന്തിച്ചു.

അങ്ങിനെ ഒരു ദിവസം കഥാനായകന്‍ തന്റെ സ്വന്തം അപ്ലി സീമയുടെ മുന്നില്‍ വേച്ചു. ഒരു വലിയ ചിരി ആയിരുന്നു മറുപടി ചിരിയുടെ അവസാനം ഒരു ചോദ്യവും കഥാനായകാ മോനെ നിനക്ക് ഭ്രാന്തുണ്ടോ? പിന്നീട് സീമ പറഞ്ഞതൊന്നും നമ്മുടെ കഥാനായകന്‍ കേട്ടില്ല സീമയെ പരിജയപ്പെടാന്‍ ഉണ്ടായ സാഹചര്യം മുതല്‍ താന്‍ അപ്ലി വെച്ചത് വരെയുള്ള കാര്യങ്ങള്‍ കഥാനായകന്റെ മനസ്സില്‍ ഒരു സിനിമയില്‍ എന്ന പോലെ മിന്നി മറഞ്ഞു. കഥാനായകന്‍ സ്വയം ചോദിച്ചു എന്താ തനിക്കു ഭ്രാന്തുണ്ടോ?

ആ തിരിച്ചറിവിലും കഥാനായകന്റെ നാക്ക് പുളിക്കുന്നുണ്ടായിരുന്നു. കിട്ടാത്ത മുന്തിരിയുടെ പുളിപ്പ്.

13 comments:

കുമാരന്‍ | kumaran said...

സത്യത്തില്‍ രോമാഞ്ചത്തിന് കൊടുത്ത വാക്ക് മാറ്റിയാലോ എന്ന് വരെ അവളെ കണ്ട നിമിഷത്തില്‍ കഥാനായകന്‍ ആലോചിച്ചു പോയി. കിട്ടാന്‍ പോകുന്ന സിഗരറ്റിന്റെയും പൊറോട്ടയുടെയും സമ്പാറിന്റെയും കാര്യം ആലോചിച്ചപ്പോള്‍ ആ ചിന്ത മുളയിലേ നുള്ളി

ഹഹഹ.. നന്നായിട്ടുണ്ട്.

വശംവദൻ said...

ഹ..ഹ..

കൊള്ളാം.

കെ.ആര്‍. സോമശേഖരന്‍ said...

ആപ്ലി എന്നാല്‍ എന്താണെന്ന് മനസിലായില്ല. എന്തെങ്കിലും അശ്ലീലപദമാണെങ്കില്‍ അര്‍ത്ഥം പറയണമെന്നില്ല.

ഭായി said...

കൊള്ളാം..വീണ്ടും പോരട്ടെ പുപ്പുലി കഥകള്‍!!

പുള്ളി പുലി said...

അപ്പ്ലിക്കേഷന്‍ എന്നാ വാക് ലോബിച്ചാണ് 'അപ്ലി' എന്നാ വാക്കിന്റെ ജന്മം. ഈ വാക്ക് 90 കളില്‍ ഉണ്ടായിരുന്നില്ല. ഈയിടെ നാട്ടില്‍ പോയപ്പോള്‍ കിട്ടിയ വാക്കാണ് ആപ്ലി വെക്കുക എന്ന് വെച്ചാല്‍ പ്രേമാഭ്യാര്‍തഥന നടത്തുക എന്നാണ് അര്‍ത്ഥം.
കെ.ആര്‍. സോമശേഖരന്‍ സാറിന് മനസ്സിലായി കാണും എന്ന് കരുതുന്നു.

റോസാപ്പുക്കള്‍ said...

കൊള്ളാം..കഥാ നായകാ..
അല്ലാ ഒരു സംശയം,എന്താ സീമ അവസാനം പറഞ്ഞത് കേള്‍ക്കാതെ പോയേ...?ഒരു ചെവിയില്‍ക്കൂടെ കേട്ട് മറ്റേതില്‍ കൂടെ പോകുന്ന സംഭവം അന്നേരം വര്‍ക്കു ചെയ്തില്ലേ?

kichus-nimishangal.blogspot.com said...

mandam mandam nadannu varunna seemaye, romanjam enikku kaanichu thannu... kadhaanaayakan aaraanennu njangalku manassilaayee... kaalapazhakkathil mukhakkuruvinte paadocke poyallo..?

പുള്ളി പുലി said...

റോസാപ്പുക്കള്‍
പ്രണയത്തില്‍ തരളിതനായി നില്‍ക്കുന്ന കഥാനായകന്റെ നെഞ്ചില്‍ കുത്തരുത്‌.ശാപം കിട്ടുംട്ട

പുള്ളി പുലി said...

90 കളിലെ എന്നെ കിച്ചുസ്‌ കണ്ടെത്തിയല്ലോ?

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ആയിടക്ക്‌ കഥാനായകന്റെ മറ്റൊരു കു‌ട്ടുകാരന്‍ 'കുറുപ്പ്' സീമയെ കണ്ടു. കുറുപ്പിന്റെ വക ഒരു അപ്പ്ലി വെക്കാന്‍ ആപ്ലി വെക്കലില്‍ ഡിഗ്രീ ഉള്ള നമ്മുടെ കഥാനായകനെ തന്നെ ഏല്പിച്ചു.

ഈ കുറുപ്പ് ഞാന്‍ അല്ലല്ലോ അല്ലെ?? :)
എന്തായാലും പോസ്റ്റ്‌ നന്നായി, ആശംസകള്‍

hAnLLaLaTh said...
This comment has been removed by the author.
hAnLLaLaTh said...

നന്നായി പോസ്റ്റ്.
“.....ഏതാണ്ട് നാല് മണിയോടെ രോമാഞ്ചത്തിന്റെ സ്വന്തം സീമ മന്ദം മന്ദം പതുക്കെ പതുക്കെ സ്പീഡില്‍ കുറച്ചു കൂട്ടുകാരികളോടൊത്ത് ബസ്സ്‌റ്റോപ്പിലേക്ക് നടന്ന് നീങ്ങുന്നത്‌ എനിക്ക് രോമാഞ്ചം കാണിച്ചു തന്നു.
..”

ഇവിടെ ‘എനിക്ക് ‘ എന്നു വന്നത് തിരുത്തുമല്ലൊ

ഭൂതത്താന്‍ said...

"ഇപ്പൊ കാണുന്നില്ലേ അതാണ്‌ നമ്മുടെ കഥാനായകന്‍! കാണാന്‍ ഒരു മെനയില്ലെങ്കിലും ഇവന്‍ ആളൊരു പുലിയാണ്."പുള്ളി പുലി അല്ലല്ലോ അല്ലെ ഹ ഹ ....ആത്മാംശം മണക്കുന്നു ട്ടോ പുലിയെ ....പോരട്ടെ പെടകള്‍ വീണ്ടും